പാമ്പുകടിയേറ്റിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല! പാമ്പാട്ടിയുടെ നിര്‍ദേശാനുസരണം ശരീരമാസകലം ചാണകം കൊണ്ട് മൂടി; യുവതിയ്ക്ക് ദാരുണാന്ത്യം

പ്രാകൃതമായ പല ആചാരങ്ങളും ചികിത്സാരീതികളും ഇന്നും ഇന്ത്യയെന്ന മഹാരാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച്, ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളില്‍. ഇത്തരത്തില്‍ യുപിയില്‍ നടന്ന ഒരു പ്രാകൃത ചികിത്സാരീതി ഉണ്ടാക്കിയ ദുരന്തമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

യുപിയില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് മൂടി ചികിത്സയിലിരുന്ന യുവതിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. 35കാരിയായ ദേവേന്ദ്രിയാണ് മരണമടഞ്ഞത്.

പാമ്പ് കടിയേറ്റതിനെത്തുടര്‍ന്ന് ഭര്‍ത്താവാണ് യുവതിയെ ചാണകത്തില്‍ പൊതിഞ്ഞ് ചികിത്സക്ക് വിധേയമാക്കിയത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്.

എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പകരം വിഷം പുറത്തെടുക്കുന്നതിനായി ഭര്‍ത്താവ് പാമ്പാട്ടിയെ വിളിച്ചു വരുത്തി. പാമ്പാട്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് ഭര്‍ത്താവ് ഭാര്യയുടെ ശരീരമാസകലം ചാണകം കൊണ്ട് മൂടിയത്. അല്‍പസമയത്തിനകം ഇവര്‍ മരണമടയുകയും ചെയ്തു.

 

Related posts