കണ്ണൂര്‍: അതേ പാളത്തില്‍ കൂടി ഒരു ട്രെയിന്‍ കൂടി കടന്നു പോയിരുന്നെങ്കില്‍ മുഹമ്മദ് സാലിദ് എന്ന രണ്ടു വയസ്സുകാരന്‍ ഇന്ന് ജീവനോടെ കാണുമായിരുന്നില്ല. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച പിലാത്തറ ദാറുസ്സലാമിലെ സഹീദ(29)യുടെ മകനാണ് സാലിദ്. പട്ടുവം വളപ്പില്‍ മമ്മു ഹാജിയുടെയും ആസിയയുടെയും മകളാണ് സഹീദ. ഭര്‍ത്താവ് നീലേശ്വരം തൈക്കടപ്പുറത്തെ സമീര്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. രാവിലെ സാലിദുമൊത്ത് വീട്ടില്‍ നിന്നും ഇറങ്ങിയ സഹീദ ഗരീബീരഥ് എക്‌സ്പ്രസ്സ് പോയതിനു ശേഷം മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കാണുകയായിരുന്നു.ചിന്നിച്ചിതറിയ മൃതദേഹത്തിനരികില്‍ ഇരു കാലുകളും അറ്റ നിലയില്‍ ഒരു കുട്ടിയെ റെയില്‍വേ സ്‌റ്റേഷനിലെ ക്ലീനിങ് തൊഴിലാളികളാണ് ആദ്യം കണ്ടത്.
ഒറ്റനോട്ടത്തില്‍ കുട്ടിക്ക് അപകടം സംഭവിച്ചുവെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അടുത്ത ട്രെയിന്‍ വരാനുള്ള സമയം അടുക്കുകയാണ്. തൊഴിലാളികള്‍ കുട്ടിയെ ട്രാക്കില്‍ നിന്നും വേഗത്തില്‍ എടുത്തുമാറ്റാന്‍ ശ്രമിക്കവേയാണ് കുട്ടിയുടെ ഇരുകാലുകളും അറ്റുപോയ കാര്യം മനസിലാകുന്നത്. റയില്‍വേ സ്‌റ്റേഷന്മാസ്റ്റര്‍ പയ്യന്നൂര്‍ സ്വദേശി കൂടിയായ രമേശന്‍ വിവരമറിഞ്ഞതോടെ കുട്ടിയെ രക്ഷിക്കാനുള്ള നടപടികള്‍ മിന്നല്‍ വേഗതയിലാക്കി. പൊലീസിനേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിവരം ധരിപ്പിച്ചു. ഒപ്പം സന്നദ്ധ സംഘടനകള്‍ക്കും വിവരങ്ങള്‍ കൈമാറി. ഓട്ടോ ടാക്‌സി തൊഴിലാളികളും രംഗത്തെത്തി. അടുത്തുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ എല്ലാറ്റിനും സജ്ജരായി. സ്‌ട്രെച്ചറില്‍ കുട്ടിയേയും അറ്റുപോയ കാലുകളും ആശുപത്രിയിലെത്തിച്ചു. തെര്‍മോകോള്‍ ബോക്‌സില്‍ ആധുനിക സംവിധാനങ്ങളോടെ കാലുകള്‍ സൂക്ഷിച്ചു. മംഗളൂരൂവിലെ ആശുപത്രികളില്‍ എത്തിച്ചാല്‍ കാലുകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആംബുലന്‍സ് തയ്യാറാക്കി മംഗളുരുവിലേക്ക് യാത്ര പുറപ്പെട്ടത് അടുത്ത ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. ആംബുലന്‍സില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ബന്ധുക്കളായി കുട്ടിയെ അനുഗമിച്ചു. ഒരു മണിക്കൂറിനകം മംഗളൂരുവിലെ എ.ജെ. ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. മംഗളൂരുവിലെ റെയില്‍വേ ജീവനക്കാര്‍ ആശുപത്രിക്കു മുന്നില്‍ എത്തിയിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡോ. ബിനേഷ് കഥക്കിന്റെ നേതൃത്വത്തിലുള്ള സംഘം സാലിദിന്റെ കാലുകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. അപ്പോഴൊന്നും കുട്ടിയുടെ പേരോ മരിച്ച സ്ത്രീയോ ആരാണെന്ന് തിരിച്ചറിഞ്ഞില്ല. പൊലീസ് കുട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ബന്ധുക്കള്‍ തന്നെ കാര്യങ്ങള്‍ അറിഞ്ഞത്.
ഒരു നാട്ടിലെ ജനങ്ങള്‍ ഒറ്റ മനസോടെ നിന്നപ്പോള്‍ ഒരു സാലിദ് പുനര്‍ജന്മം ലഭിക്കുകയായിരുന്നു. കുട്ടിയെ രക്ഷിച്ചെങ്കിലും സംഭവത്തിന്റെ ദുരൂഹത ഇനിയും മാറിയിട്ടില്ല. കുട്ടിയുമായി യുവതി ട്രെയിനു മുമ്പില്‍ ചാടിയതാണോ അല്ലെങ്കില്‍ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്.