കോഴഞ്ചേരി: ബന്ധുവിൽ നിന്നു പീഡനത്തിനിരയായെന്ന പരാതിയിൽ പോലീസ് കേസിന്റെ അടിസ്ഥാനത്തിൽ അഞ്ചുവയസുകാരിയെ ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ചു. കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിലാണ് ജില്ലാ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടർക്കെതിരെ പോലീസ് റിപ്പോർട്ടു നൽകിയത്.
കഴിഞ്ഞദിവസം കുട്ടിയും ബന്ധുക്കളുമായി കോയിപ്രം പോലീസ് ജില്ലാ ആശുപത്രിയിലെത്തുകയും ഡോക്ടറോടു വിവരം പറയുകയുമുണ്ടായി. എന്നാൽ പരിശോധിക്കാൻ തനിക്കാകില്ലെന്ന നിലപാടാണ് ഡോക്ടർ സ്വീകരിച്ചത്. തുടർന്ന് കോഴഞ്ചേരി സിഐയുടെ നിർദേശപ്രകാരം രണ്ടാമതും ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ നിലപാടിൽ മാറ്റമുണ്ടായില്ല.
പരിശോധിക്കാനാകില്ലെന്ന് എഴുതി നൽകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ അതിനും സന്നദ്ധമായിരുന്നില്ല. ഡോക്ടറുടെ നടപടി സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പോലീസ് റിപ്പോർട്ട് നൽകി. ഡിഎംഒ, ജില്ലാ കളക്ടർ എന്നിവർക്ക് പോലീസ് റിപ്പോർട്ട് അയച്ചിട്ടുണ്ട്. കുട്ടിയെ ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു.
ഒരുമാസം മുന്പാണ് കുട്ടിക്ക് ബന്ധുവിൽ നിന്നു പീഡനമേറ്റതായ സംഭവമുണ്ടായതെന്ന് പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ബന്ധു കുട്ടിയെ സ്കൂളിൽ നിന്നു വിളിച്ചുകൊണ്ടുവരുന്പോൾ ആക്രമിച്ചെന്നാണ് പരാതി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തടിയൂർ കടയാർ സ്വദേശിക്കെതിരെയാണ് കേസ്. ഇയാൾ ഒളിവിലാണ്.