സൂറത്ത്: സൂറത്തിലെ ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന യുവതി പിടിയില്‍. സൂറത്തില്‍ കടക്കാരനെ വാള്‍കാട്ടി വിരട്ടി പണം തട്ടിയ കേസിലാണ് 20കാരിയായ അസ്മിത ഗോഹില്‍ സുഹൃത്തിനൊപ്പം അറസ്റ്റിലായത്. ഇവര്‍ പണം തട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതു തെളിവായി. നീളന്‍ വാള് വീശി വിരട്ടി തട്ടിയെടുത്തതാകട്ടെ 500 രൂപയും. എന്നാല്‍ നേരത്തേ ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന കേസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
ഇതിനു മുന്‍പ് ഹോളി ആഘോഷത്തിനിടെ സുഹൃത്ത് സഞ്ജയ്ക്കൊപ്പം വാള് വീശി പണം വാങ്ങുന്ന അസ്മിതയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. ഈ കേസില്‍ ഇരുവരും പിടിയിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.
ബൈക്ക് യാത്രികനെ വാള് കാട്ടി വിരട്ടിയതിന്റെ പേരിലും കേസുണ്ട്. അന്ന് കാലിയ എന്ന സുഹൃത്തായിരുന്നു അസ്മിതയ്ക്കൊപ്പം.സമൂഹമാധ്യമങ്ങളില്‍ ‘ഡിക്കു’ എന്ന പേരിലും പ്രശസ്തയാണ് അസ്മിത.
20 വയസ്സിനിടെ ഇതിനോടകം ഒട്ടേറെ കേസുകളില്‍ പ്രതിയായി. പണം തട്ടലാണ് പ്രധാന ഹോബി. ആണ്സുഹൃത്തിനൊപ്പമാണു ജീവിതം. സ്ഥിരം കേസുകളില്‍ പെട്ടതോടെ വീട്ടുകാരും ഉപേക്ഷിച്ചു. സുഹൃത്തിനൊപ്പം ബൈക്കിലെത്തിയാണ് പണം തട്ടുന്നത്.
പാന്‍മസാല വില്‍ക്കുന്ന കടയ്ക്കു ചുറ്റും ബൈക്കില്‍ നിരീക്ഷണം നടത്തി ആരുമില്ലാതിരുന്ന സമയത്താണു വാള് വീശിയത്. കാശു വാങ്ങിയെടുത്തതിനു ശേഷം അസ്മിത നിര്‍ബന്ധിച്ചു കടയടപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സൂറത്തിലെ ‘വര്‍ഷ’ സൊസൈറ്റി മേഖലയില്‍ താമസിക്കുന്ന അസ്മിത എല്ലാ മാസവും കടക്കാരനെ വിരട്ടി പണം തട്ടാറുണ്ടെന്നു പരാതിയില്‍ പറയുന്നു. കയ്യില്‍ എപ്പോഴും വാളും കാണും. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഏന്തിയുള്ള ചിത്രങ്ങള്‍ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബര വാഹനങ്ങളില്‍ കമ്പമുള്ള ഇവരെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവരില്‍ മലയാളികളുമുണ്ട്. ഒട്ടേറെ ക്രിമിനല്‍ കേസുകളുടെ പശ്ചാത്തലത്തിലാണു ‘സൂറത്തിലെ ലേഡി ഡോണ്‍’ എന്ന പേരു വീണത്.