മാധ്യമവിദ്യാര്‍ഥിനിയായിരിക്കെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ള സുഹൃത്ത് തട്ടിക്കൊണ്ടു പോയി; പിന്നെ അറിയപ്പെട്ടത് ‘പസഫിക് റാണി’എന്ന പേരില്‍; മെക്‌സിക്കന്‍ മയക്കുമരുന്നു ലോകത്തെ ‘ലേഡി ഡോണ്‍’ സാന്ദ്രയുടെ ജീവിതം ആരെയും അമ്പരപ്പിക്കും…

ജോവാക്വിം ഗുസ്മാനെപ്പോലെയുള്ള മയക്കുമരുന്ന് രാജാക്കന്മാര്‍ അരങ്ങുവാഴുന്ന മെക്‌സിക്കന്‍ മയക്കുമരുന്ന് ലോകത്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയ അപൂര്‍വം വനിതകളിലൊരാളാണ് സാന്ദ്ര അവില ബെല്‍ട്രാന്‍. മെക്സിക്കോയുടെ പസഫിക് തീരം വഴി യുഎസിലെ കലിഫോര്‍ണിയയിലേക്കു മയക്കുമരുന്നു കടത്തുന്നതില്‍ വിദഗ്ധയായതോടെ അനുയായികള്‍ അവരെ ‘പസഫിക് റാണി’യെന്നു വിളിച്ചു. മയക്കുമരുന്നുകടത്തുമായി ബന്ധമുള്ള റഫേല്‍ കാറോ ക്വിന്റിറോയുടെ അകന്ന ബന്ധു കൂടിയായ അല്‍ഫോന്‍സോ അവില ക്വിന്റിറോ-മരിയ ലൂയിസ ഫെലിക്സ് ദമ്പതികളുടെ മകളായി 1960 ഒക്ടോബര്‍ 11 ന് മെക്സിക്കോയിലെ ബാജാ കലിഫോര്‍ണിയയിലാണ് സാന്ദ്ര അവില ബെല്‍ട്രാന്‍ ജനിച്ചത്.

പിതാവിന്റെ മാഫിയ ബന്ധങ്ങള്‍ കണ്ടാണ് സാന്ദ്ര വളര്‍ന്നത്. മാധ്യമപഠനത്തില്‍ ഇഷ്ടമുണ്ടായിരുന്ന സാന്ദ്രയ്ക്ക് എന്നാല്‍ തന്റെ കമ്മ്യൂണിക്കേഷന്‍ പഠനകാലത്ത് തന്നെ തിക്താനുഭവമാണ് ഉണ്ടായത്. 21ാം വയസില്‍, മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടായിരുന്ന സുഹൃത്ത് തട്ടിക്കൊണ്ടുപോയതോടെ മെക്സിക്കോയിലെ മയക്കുമരുന്നു ശൃംഖലയുടെ വ്യാപ്തിയും സ്വാധീനവും മനസിലാക്കിയ സാന്ദ്ര, സുഹൃത്തിന്റെ തടങ്കലില്‍ നിന്നു മോചിപ്പിക്കപ്പെട്ട ശേഷം പഠനമുപേക്ഷിച്ച് ആ രംഗത്ത് സജീവമാവുകയായിരുന്നു. സൗന്ദര്യവും ഷൂട്ടിംങിലെ വൈദഗ്ധ്യവും ഡ്രൈവിംഗുമൊക്കെ സാന്ദ്ര മയക്കു മരുന്നു കച്ചവടത്തിനായി പ്രയോജനപ്പെടുത്തി.

തെളിവുകള്‍ അടച്ചു കൊണ്ടായിരുന്നു സാന്ദ്രയുടെ ഓരോ നീക്കവും. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ സാന്ദ്ര മെക്സിക്കന്‍ മയക്കുമരുന്നു മാഫിയയുടെ തലപ്പത്തെത്തി. ബോട്ടുകളിലും മറ്റുമായി അമേരിക്കയിലേക്ക് വര്‍ഷങ്ങളോളം അവളുടെ സംഘാംഗങ്ങള്‍ മയക്കുമരുന്നുകള്‍ ഒളിച്ചുകടത്തി. ഇതോടെ ‘പസഫിക് റാണി’ എന്ന വിളിപ്പേരും സാന്ദ്രയ്ക്ക് ലഭിച്ചു. വിലയേറിയ മുപ്പതോളം കാറുകള്‍, 83 മാണിക്യക്കല്ലുകള്‍, 228 വജ്രങ്ങള്‍, 189 ഇന്ദ്രനീലകല്ലുകള്‍ എന്നിവ പതിച്ച ഈജിപ്ഷ്യന്‍ മമ്മി തുത്തന്‍ഖാമന്റെ രൂപത്തിലുള്ള തരത്തിലെ സ്വര്‍ണാഭരണം എന്നിവ സാന്ദ്ര സ്വന്തമാക്കി.

മകന്റെ പതിനഞ്ചാം പിറന്നാളിന് ലോകത്തെ വിലയേറിയ വാഹനങ്ങളിലൊന്നായ അമേരിക്കന്‍ നിര്‍മിത സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം ‘ഹമ്മറാ’ണ് സാന്ദ്ര സമ്മാനം നല്‍കിയത്. മകന് പോക്കറ്റുമണിയായി പ്രതിമാസം ശരാശരി 29 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ പൊതു ഇടങ്ങളിലെല്ലാം തന്നെ സാധാരണ വീട്ടമ്മയായാണ് സാന്ദ്ര എത്തിയിരുന്നത്. എന്നാല്‍ എതിരാളികളും സാന്ദ്രയ്ക്ക് കുറവല്ലായിരുന്നു. മയക്കുമരുന്നു കടത്തുന്ന രംഗത്തെത്തിയ മുന്‍ പൊലീസ് കമാന്‍ഡര്‍മാര്‍ കൂടിയായ ഇവരുടെ രണ്ടു ഭര്‍ത്താക്കന്മാരും സഹോദരനും പല ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. എതിരാളികളുടെ വധശ്രമത്തില്‍ നിന്നു ഒരിക്കല്‍ സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.

2002ല്‍ ആണ് സാന്ദ്രയുടെ അധോലോക ബന്ധം പുറത്തറിഞ്ഞത്. 50 ലക്ഷം ഡോളര്‍ മോചനദ്രവ്യമാവശ്യപ്പെട്ട് മകനെ 2002ല്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ആവശ്യപ്പെട്ട മോചനദ്രവ്യം ഉടന്‍ കൈമാറിയതാണ് സാന്ദ്രയെക്കുറിച്ചു മെക്സിക്കന്‍ പൊലീസിനു സംശയങ്ങള്‍ തോന്നാന്‍ ഇടയാക്കിയത്. ഒരു വീട്ടമ്മയെ പോലെ പൊതു ഇടങ്ങളിലും രേഖകളിലും കണ്ട സാന്ദ്ര പെട്ടെന്ന് വന്‍തുക നല്‍കിയതോടെ സംശയം ഇരട്ടിച്ചു. പ്രാഥമികാന്വേഷണം തുടങ്ങിയതിനിടെ തന്നെ സാന്ദ്ര ഒളിവില്‍പ്പോയി.

പിന്നെ പലയിടങ്ങളിലായി അവരെ കണ്ടെന്നു പറഞ്ഞുളള വാര്‍ത്തകള്‍ പരന്നെങ്കിലും അഞ്ചുവര്‍ഷത്തിനു ശേഷം 2007 സെപ്റ്റംബര്‍ 27നാണ് കാമുകന്‍ ജുവാന്‍ ഡീഗോ എസ്പിനോസാ റാമിറസുമൊത്ത് സാന്ദ്ര മെക്സിക്കന്‍ പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്നു കടത്ത് സംബന്ധിച്ച് സാന്ദ്രയ്ക്കെതിരെ തെളിവൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ കള്ളപ്പണം വെളുപ്പിച്ച കേസിലായിരുന്നു വിചാരണ. മെക്സിക്കോ ജയിലിലും ആര്‍ഭാടജീവിതമായിരുന്നു സാന്ദ്രയ്ക്ക്. ഡിസൈനര്‍ വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ധരിച്ച് ജയിലില്‍ കഴിഞ്ഞ സാന്ദ്രയ്ക്ക് ഭക്ഷണവും മദ്യവും വിളമ്പാന്‍ മൂന്നു പരിചാരകരും ഒപ്പമുണ്ടായിരുന്നു.

1999 ജനുവരി മുതല്‍ 2004 മാര്‍ച്ച് വരെ കൊളംബിയയില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്നു കടത്തിയെന്ന വിവിധ കേസുകളുടെ വിചാരണയ്ക്ക് സഹായകമാകും വിധം അവരെ അധികൃതര്‍ 2012 ഓഗസ്റ്റ് 10 ന് യുഎസിലേക്ക് നാടുകടത്തി. എന്നാല്‍ കാമുകന്‍ ജുവാന്‍ ഡീഗോ എസ്പിനോസാ റാമിറസിന് യാത്രയ്ക്കും താമസത്തിനും മറ്റുമുള്ള ചെലവു മാത്രമേ നല്‍കിയുള്ളു എന്ന വാദം ഉയര്‍ത്തി യുഎസ് കോടതികളില്‍ സൃഷ്ടിച്ചെടുത്ത നിയമപ്പഴുതുകളില്‍ യുഎസ് അധികൃതര്‍ അവരെ മെക്സിക്കോയിലേക്ക് തിരിച്ചയച്ചു. 2013 ഓഗസ്റ്റ് 20 ന് മെക്സിക്കോയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അവര്‍ വീണ്ടും അറസ്റ്റിലായി.

പലതവണയായി എഴു വര്‍ഷം മാത്രം തുടര്‍ന്ന ജയില്‍ജീവിതത്തിന് വിരാമമിട്ട് 2015 ല്‍ സാന്ദ്ര മോചിതയായി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ ആസ്തികളിലുള്‍പ്പെട്ട 15 വീടുകള്‍, 30 സ്പോര്‍ട്സ് കാറുകള്‍, 300 ആഭരണങ്ങള്‍ തുടങ്ങിയവ തിരിച്ചുപിടിക്കാന്‍ അഭിഭാഷക സംഘത്തിനൊപ്പം നിയമവഴി തേടുന്ന വാര്‍ത്തകളിലാണ് സാന്ദ്ര പിന്നീട് ഇടംപിടിച്ചത്. കാലം ഇത്രയധികം കഴിഞ്ഞിട്ടും അവരുടെ മാഫിയാബന്ധങ്ങള്‍ കണ്ടെത്താന്‍ മെക്സിക്കോയിലെ നിയമസംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

Related posts