തെരുവുനായയ്ക്കു ഭക്ഷണം നൽകിയ മൃഗസ്നേഹിക്ക് 3.60 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഖാണ്ഡിവാലിയിലെ ദി നിസാർഗ് ഹെവൻ സൊസൈറ്റിയാണ് ഇവിടുത്തെ താമസക്കാരിയായ നേഹ ദത്വാനിക്ക് വൻ തുക പിഴ വിധിച്ചത്. ഹൗസിംഗ് സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായയ്ക്കു ഭക്ഷണം നൽകിയത് കുറ്റമായി പരിഗണിച്ചാണു നടപടി.
സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായയ്ക്കു ഭക്ഷണം നൽകുന്നതിനു പിഴ ഈടാക്കണമെന്ന് ഹൗസിംഗ് സൊസൈറ്റിയിലെ 98 ശതമാനം ആളുകളും അംഗീകരിച്ചിട്ടുള്ളതാണെന്ന് സൊസൈറ്റി ചെയർമാൻ മിതേഷ് ബോറ എഎൻഐ വാർത്താ ഏജൻസിയോടു പറഞ്ഞു. മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും നേരെ തെരുവുനായകൾ കുരയ്ക്കാറുണ്ടെന്നും ഇവിടെ മനുഷ്യാവകാശമാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ചെയർമാനെന്ന നിലയിൽ നിയമം നടപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരോ ദിവസവും നായകൾക്കു ഭക്ഷണം നൽകിയതിന് 2500 രൂപയാണ് പിഴ. കൂടാതെ, സൊസൈറ്റി മെയിന്റനൻസ് ഫീസായി 75,000 രൂപയും പിഴ വിധിച്ചു. കഴിഞ്ഞ വർഷവും നായകൾക്കു ഭക്ഷണം നൽകിയവർക്ക് പിഴ വിധിച്ചിരുന്നെന്ന് ഈ തെരുവുനായകൾ എല്ലാം തന്നെ സൊസൈറ്റി പരിസരത്ത് വളർന്നതാണെന്നും നേഹ പറഞ്ഞു. താൻ നഗരത്തിൽനിന്നു മാറുകയാണെന്നും പിഴ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും നേഹ കൂട്ടിച്ചേർത്തു.