രാജ്യം മുഴുവന്‍ ജയലളിതയുടെ വിയോഗവാര്‍ത്തയെക്കുറിച്ച് ചര്‍ച്ച ചെയ്യവേ കൂത്താട്ടുകുളം പോലീസ് ചൊവ്വാഴ്ച്ച ഒരു പുലിവാലിന്റെ പിന്നാലെയായിരുന്നു. ഒരു യുവതിയുടെ വാക്കുകേട്ട പോലീസ് നെട്ടോട്ടമോടിയ കഥയിങ്ങനെ. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കൂത്താട്ടുകുളം സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. അപ്പുറത്തൊരു സ്ത്രീശബ്ദം. പരിഭ്രാന്തമായ രീതിയില്‍ അവര്‍ പറഞ്ഞു, സാറേ ഒരു കുട്ടിയെ വാനില്‍ തട്ടിക്കൊണ്ടുപോകുന്നു. വാന്‍ നമ്പറും പറഞ്ഞുകൊടുത്തു. കുട്ടിയെ രണ്ടുപേര്‍ മര്‍ദിക്കുകയും ചെയ്യുന്നുണ്ടെന്നും സ്ത്രീ പറഞ്ഞു.
സന്ദേശം കിട്ടിയപാടെ പോലീസ് ജാഗരൂകരായി. നാടൊട്ടുക്ക് തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയമായതിനാല്‍ പോലീസുകാര്‍ അന്വേഷണം തുടങ്ങി. സംഘങ്ങളായി തിരിഞ്ഞ പോലീസ് പ്രധാന കവലകളില്‍ ഇക്കാര്യം അറിയിച്ച് നാട്ടുകാരുടെ സഹകരണം തേടി. ക്രീം നിറമുളള വാന്‍ കണ്ടാല്‍ തടഞ്ഞിടാനുള്ള സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ നല്‍കി. ഇടുക്കി, കോട്ടയം ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലേക്കും സന്ദേശം പാഞ്ഞു. വാട്‌സാപ്പിലും ഫേസ്ബുക്കിലും വാര്‍ത്ത വൈറലായതോടെ നാട്ടുകാരും പലയിടത്തും സംഘടിച്ചു.
ഒരെത്തും പിടിയും കിട്ടാതെ പോലീസ് നില്ക്കുമ്പോഴാണ് ആ സ്ത്രീ വീണ്ടും വിളിക്കുന്നത്. വാന്‍ തിരികെ പോയെന്നും കുട്ടി അതിലില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. അപ്പോഴേക്കും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിക്കുന്നത്. വാനിന്റെയല്ല ഒരു ബൈക്കിന്റെ നമ്പറാണിതെന്ന് തെളിഞ്ഞു. ഇതോടെ പോലീസുകാര്‍ യുവതി വിളിച്ച നമ്പറിലേക്ക് തിരികെവിളിച്ചു. അത് സ്വിച്ച് ഓഫായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തി സ്‌റ്റേഷനില്‍ വരുത്തി. വന്നപ്പോഴേ യുവതി പ്ലേറ്റ് മാറ്റി. ദിവസവും ധാരാളം വാഹനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതു താന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും ഇതൊക്കെ നാട്ടില്‍ പതിവായി നടക്കുന്ന കാര്യങ്ങളല്ലെയെന്നും യുവതി. ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോഴാണ് മാനസികനില തെറ്റിയ ആളാണ് യുവതിയെന്ന് മനസിലായത്. കിട്ടിയ എട്ടിന്റെ പണിയെപ്പറ്റി തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിക്കാനേ പോലീസുകാര്‍ക്ക് പിന്നീട് സാധിച്ചുള്ളു.