സ്ത്രീ സമത്വത്തിനും തുല്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ കനക്കുമ്പോള്‍ തന്നെ പുറത്തു വരുന്നത്, കേള്‍ക്കാന്‍ ഒട്ടും തന്നെ സുഖകരമല്ലാത്ത ചില വാര്‍ത്തകളാണ്. ഭാര്യ കൂടുതല്‍ പഠിക്കുകയോ വിദ്യാഭ്യാസം നേടുകയോ ചെയ്താല്‍ അപകര്‍ഷതാബോധം അലട്ടുന്ന ധാരാളം പുരുഷന്മാര് ലോകത്തുണ്ട്. അത്തരമൊരു മോനരോഗിയുടെ പ്രവര്‍ത്തിയാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ബംഗ്ലാദേശിലാണ് ഈ ക്രൂരത അരങ്ങേറിയത്. ‘ഞാന്‍ നിനക്കൊരു സര്‍പ്രൈസ് കാത്തു വച്ചിട്ടുണ്ട്. കണ്ണുകള്‍ അടയ്ക്കൂ…കൈകള്‍ നീട്ടൂ…’ പ്രിയപ്പെട്ടന്റെ സ്നേഹത്തില്‍ ചാലിച്ച ഈ വാക്കുകള്‍ കേട്ടാണ് ഹവ്വ ഓടിയരികിലേക്കെത്തിയത്. പക്ഷേ സമ്മാനം പ്രതീക്ഷിച്ചു നീണ്ടു പോയ ആ കൈകള്‍ നിമിഷങ്ങള്‍ക്കകം ചോരത്തുണ്ടുകളായി. ആ മുറി മുഴുവന്‍ രക്തം തളം കെട്ടി. ഭര്‍ത്താവിന്റെ വാക്കുകള്‍ വിശ്വസിച്ച് കൈ നീട്ടിയ ഭാര്യക്ക് നഷ്ടമായത് വിരലുകളാണ്.
21കാരിയായ ഹവ്വ അക്തര്‍ എന്ന യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിനാല്‍ ആക്രമിക്കപ്പെട്ടത്. യുഎഇയില്‍ ജോലി ചെയ്യുകയായിരുന്ന ഇവരുടെ ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ബിരുദപഠനം നടത്തുന്ന വിവരം അറിഞ്ഞത്. തന്നെ അറിയിക്കാതെ പഠിക്കാന്‍ പോയതാണ് ഇയാളെ പ്രകോപിതനാക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈവിരലുകള്‍ മുറിച്ചശേഷം അത് മാലിന്യകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് തിരികെ കൂട്ടിചേര്‍ക്കാന്‍ ലഭിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ തന്നെ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുമുണ്ട്.