രാജി പാന്പുകളെ പിടിക്കുകയല്ല, പാന്പുകളെ സംരക്ഷിക്കുകയാണ്. വീടുകൾക്കു പരിസരത്തും മറ്റും പത്തിവിടർത്തി ഭീതി വിതയ്ക്കുന്ന മൂർഖനെയും മറ്റും രാജി വരുതിയിലാക്കി കാട്ടിലെത്തിക്കുന്നു. അതെ, ഒരു വർഷത്തിലേറെയായി തിരുവനന്തപുരം നന്ദിയോട് സ്വദേശിനി ജെ.ആർ. രാജിയെന്ന 34കാരി പാന്പുകളെ പിടിക്കുകയാണ്. തന്റെ ഫോണിലേക്ക് ഒരു വിളിയെത്തിയാൽ മതി.
രാജി തന്റെ ബുള്ളറ്റ് ബൈക്കിൽ അവിടേക്കു പുറപ്പെടുകയായി. മുർഖനോ രാജവെന്പാലയോ അണലിയോ പെരുന്പാന്പോ എന്തുമാകട്ടെ, രാജി ചാക്കിലാക്കിയിരിക്കും. അതിനു രാത്രിയെന്നോ പകലെന്നോ ഭേദമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പാന്പുകളെ രാജി ചാക്കിലാക്കി കാട്ടിൽ വിട്ടുകഴിഞ്ഞു. ഇതിൽ നീർക്കോലിയും ചേരയും മുതൽ പെരുന്പാന്പും രാജവെന്പാലയും വരെ ഉൾപ്പെടും.
ചെറുപ്പത്തിൽ തോന്നിയ ഇഷ്ടം
പാന്പുകളെക്കുറിച്ചു പേടിപ്പിക്കുന്ന കഥകളായിരുന്നു കുട്ടിക്കാലം മുതൽ എല്ലാവരും രാജിയോടു പറഞ്ഞിരുന്നത്. എന്നാൽ രാജിക്കു പാന്പുകളോടു തോന്നിയത് ഇഷ്ടം മാത്രം. തനിക്കു പാന്പുകളോടുള്ള താൽപര്യം കുട്ടിക്കാലത്തു തുടങ്ങിയതാണെന്നു രാജി പറയുന്നു. സ്കൂളിൽ പോകുന്ന വഴിയിൽ പാന്പുകളെ കണ്ടാൽ അതു പോകുന്നതുവരെ നോക്കി നിൽക്കും. അന്നു സ്കൂളിൽ എത്താനും വൈകും.
ഒന്നു തൊടണമെന്നു പലതവണ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരും വിലക്കി. ഇങ്ങനെ നാളുകൾ കടന്നുപോയെങ്കിലും പാന്പുകളെ ചുറ്റിപ്പറ്റിയുള്ള കൗതുകം മാത്രം രാജിയിൽ നിന്നുംവിട്ടുപോയില്ല. വനത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണു രാജിയുടെ ഗ്രാമം. അതുകൊണ്ടുതന്നെ പാന്പുകൾ സാധാരണം. പിന്നീട് പാന്പ് വിദഗ്ധനായ ബാബു പാലാലയം ആണ് രാജിക്കു പാന്പു പിടിത്തത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത്.
ഗുരുവും അദ്ദേഹം തന്നെ. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥനായ സനൽ രാജിന്റെ കൈയിൽ നിന്നുമാണ് ആദ്യമായി രാജി ഒരു പാന്പിനെ കൈയിൽ വാങ്ങുന്നത്. പിന്നീട് പൂജപ്പുര സ്നേക് റെസ്ക്യൂ ഓഫ് കേരളയിൽ നിന്നും കൂടുതൽ പരിശീലനം നേടി. പൂജപ്പുര സ്നേക് പാർക്കിലെ ഉദ്യോഗസ്ഥരും രാജിയെ പ്രോത്സാഹിപ്പിച്ചിരുന്നു.
പാന്പു പിടിത്തത്തിൽ പരിശീലനം
പാന്പു പിടുത്തവുമായി ബന്ധപ്പെട്ട് ബാബു പാലാലയത്തിന്റെ പരിശീലനക്ലാസിൽ പോയതാണ് രാജിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് പാന്പുകളെക്കുറിച്ചു ശാസ്ത്രീയമായി മനസിലാക്കുന്നതിനു സാധിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു യാത്രയ്ക്കിടെയാണ് ആദ്യമായി പാന്പിനെ പിടികൂടുന്നത്. നന്ദിയോട് പച്ച ക്ഷേത്രത്തിനു സമീപമുള്ള ഒരു വഴിയിൽ മൂർഖൻ പാന്പിനെ കണ്ടതിനെ തുടർന്ന് ആളുകൾ ഓടിക്കൂടിയിരുന്നു. കുട്ടികൾ സ്കൂളിൽ പോകുന്ന വഴിയായിരുന്നു അത്.
വാവ സുരേഷിനെ വിളിച്ചെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ പേടിച്ചു നിൽക്കുന്നതിനിടെയാണ് രാജി ഒരു കൈ നോക്കാൻ തീരുമാനിച്ചത്. ചെറിയൊരു പരിശ്രമത്തിനുശേഷം കൈയിൽ വലിയൊരു മൂർഖൻ പാന്പുമായി രാജിയെ കണ്ടതോടെ നാട്ടുകാരുടെ മുഖം തെളിഞ്ഞു, ഭീതിയൊഴിഞ്ഞു. പിന്നെ അഭിനന്ദനത്തിന്റെ നിമിഷങ്ങൾ. എങ്കിലും സ്വന്തം വീട്ടിൽനിന്നും ഒരു പിന്തുണയും ലഭിച്ചില്ല.
ഭർത്താവും വീട്ടുകാരും എതിർത്തു. ഇനി മേലാൽ ഈ പണിക്കു പോകരുതെന്നു വിലക്കുകയും ചെയ്തു. രാജിയും തീരുമാനിച്ചു. ഇനി പാന്പു പിടിക്കാനില്ല. എന്നാൽ അപ്പോഴേക്കും നാടുമുഴുവൻ രാജിയുടെ ഖ്യാതി പരന്നിരുന്നു. അതോടെ നാട്ടിൽ പലസ്ഥലങ്ങളിൽ നിന്നായി ഫോണ് വിളികളും വന്നു തുടങ്ങി. മിക്കതും ഒഴിവാക്കാനാകാത്തവ. അതുകൊണ്ട് ചില പാന്പുപിടിത്തങ്ങൾ പിന്നെയും വേണ്ടിവന്നു.
ചില അനുഭവങ്ങൾ
പാന്പ് സത്യമുള്ള ജീവിയാണെന്നാണ് രാജിയുടെ പക്ഷം. അതിനെ അങ്ങോട്ട് ആക്രമിക്കാതെ തിരിച്ച് ഉപദ്രവിക്കില്ല. അണലിയെ പിടികൂടുന്നതിനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും രാജി പറയുന്നു. വളരെ ശ്രദ്ധയും കരുതലും വേണ്ട ജോലിയാണിത്. ഇവ പെട്ടെന്നുതന്നെ ദിശമാറുകയും ആക്രമിക്കുകയും ചെയ്യും. മനസും ശരീരവും ഒരുപോലെ വഴങ്ങിയാൽ മാത്രമേ ഇവയെ പിടികൂടാനാകൂ.
മൂർഖൻ പാന്പുകളെയും പെരുന്പാന്പുകളെയും പിടികൂടുന്നതിനും അതീവശ്രദ്ധ ആവശ്യമാണ്. പാന്പ് പിടിത്തവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും രാജിക്കു വലിയ താൽപര്യമാണ്. ഇക്കാര്യത്തിൽ യൂട്യൂബാണ് ഗുരു. പിന്നെ ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വായിക്കും.
ചാക്കിലെ പാന്പുകൾ
പാന്പുകളെ പിടിച്ചാൽ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് ചാക്കിലാക്കുകയാണ് രാജി ചെയ്യുന്നത്. അപകടകാരികളായ പാന്പാണെങ്കിൽ അധികം വൈകാതെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറും. അല്ലെങ്കിൽ അവരുടെ നിർദേശപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റും. മിക്കവാറും കാട്ടിലാണു വിടുന്നത്. എത്ര ഉഗ്രവിഷമുള്ള പാന്പുകളാണെങ്കിലും കൊല്ലുകയോ ഉപദ്രവിക്കുകയോ ഇല്ല.
പേടിയോ?
പാന്പുകളെ പിടിക്കാൻ പേടിയില്ലേ എന്നു ചോദിച്ചാൽ രാജി പറയും, എന്തിനാണ് നമ്മൾ പാന്പുകളെ പേടിക്കുന്നത്. പാന്പുകളെ ഉപദ്രവിച്ചാൽ മാത്രമേ അവ തിരിച്ച് ഉപദ്രവിക്കൂ. എന്നാൽ ഒരു തവണ ഒരു ചേര രാജിയെ കടിച്ചിട്ടുമുണ്ട്. വലയിൽ കുടുങ്ങിപ്പോയ ചേരയെ രക്ഷിക്കുന്നതിനിടെയായിരുന്നു ഇത്. ഒന്നു പേടിച്ചു, എങ്കിലും രാജി ആത്മവിശ്വാസം കൈവിട്ടില്ല. പ്രാർഥനയോടെ മുന്നോട്ടുപോയി.
പാന്പ് പിടുത്തത്തിൽ വൈദഗ്ധ്യം നേടിയിട്ടുള്ള വാവ സുരേഷാണ് രാജിയുടെ റോൾ മോഡൽ. അടുത്ത കാലത്താണ് അദ്ദേഹത്തെ നേരിൽ പരിചയപ്പെടാൻ സാധിച്ചത്. അദ്ദേഹത്തോടാണ് ഇപ്പോൾ സംശയങ്ങളും ഉപദേശങ്ങളുമെല്ലാം ചോദിക്കുന്നത്. പാന്പുകളുടെ സ്വഭാവത്തെക്കുറിച്ചാണ് ഏറെയും അദ്ദേഹം പറഞ്ഞു തന്നിട്ടുള്ളത്.
കൗതുകങ്ങൾ വേറെയും
രാജിക്കു കൗതുകമുള്ള മേഖലകൾ വേറെയുമുണ്ട്. വലിയ വാഹനങ്ങൾ ഓടിക്കുന്നതാണ് രാജിക്കു താൽപര്യമുള്ള ഒരു കാര്യം. ലോറിയും ജീപ്പും ജെസിബിയും ബുള്ളറ്റ് ബൈക്കുമെല്ലാം ഓടിക്കും. ഹെവി ലൈസൻസുള്ള രാജി ലോറി ഡ്രൈവർ കൂടിയാണ്. പാലോട് സർക്കാർ ആശുപത്രിയിലെ നിരാലംബരായ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനും രാജി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
പാന്പു പിടിക്കാൻ സ്ത്രീയോ
പാന്പു പിടിക്കാനിറങ്ങിയപ്പോൾ പലരും പരിഹസിച്ചിട്ടുണ്ടെന്നു രാജി പറയുന്നു. പാന്പു പിടിക്കാൻ സ്ത്രീകളാണോ ഇറങ്ങുന്നതെന്നു ചോദിച്ചു ബന്ധുക്കളും നാട്ടുകാരും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും പിന്മാറാൻ രാജി തയ്യാറായിരുന്നില്ല. ഇതെല്ലാം അവഗണിച്ചായിരുന്നു ആദ്യമൊക്കെ പാന്പുകളെ പിടികൂടാനായി പോയിരുന്നത്. കുറച്ചുനാൾ കഴിഞ്ഞതോടെ ചിലരൊക്കെ നല്ലതു പറഞ്ഞു തുടങ്ങി. ആളുകളുടെ പ്രതികരണത്തിലും മാറ്റം വന്നു.
പേടിപ്പെടുത്തിയ മൂർഖൻ
ഇത്രയും നാളത്തെ പാന്പു പിടിത്തത്തിനിടയിൽ രാജിയെ പേടിപ്പെടുത്തിയത് ഒരു മൂർഖനാണ്. വിതുര ശാസ്താം കായലിൽ വച്ചായിരുന്നു അത്. ഒരു റോഡിനും തോടിനും ഇടയിലായി വാസമുറപ്പിച്ച മൂർഖനെ പിടികൂടുന്നതിനാണ് രാജിയെത്തിയത്.
വളരെ ഇടുങ്ങിയ സ്ഥലമായതിനാൽ അവിടെ കാലുറപ്പിച്ചു നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. ഒരു കല്ലിൽ ചുറ്റിവരിഞ്ഞിരുന്ന മൂർഖനാണെങ്കിൽ ആക്രമണകാരിയുമായിരുന്നു. കൊത്തുന്നതിനായി പലതവണ മുന്നോട്ടു വന്നു. ഒടുവിൽ വളരെ തന്ത്രപൂർവമാണ് കല്ല് പൊളിച്ച് രാജി മൂർഖനെ ചാക്കിലാക്കിയത്.
കുടുംബം
ഡ്രൈവറായ ഭർത്താവും എട്ടാം ക്ലാസുകാരി അനാമികയും മൂന്നാം ക്ലാസുകാരി അഭിരാമിയും ഉൾപ്പെടുന്നതാണ് രാജിയുടെ കുടുംബം. അനാമികയ്ക്കു പാന്പു പിടിത്തത്തിൽ ചെറിയ കന്പമൊക്കെയുണ്ട്. എന്നാൽ അഭിരാമിക്കു ഇക്കാര്യത്തിൽ ഒരു താത്പര്യവുമില്ല. മറ്റുള്ളവർ പിന്മാറി നിൽക്കുന്ന ഈ ജോലിക്ക് ഇന്നു തനിക്കു ധൈര്യം തരുന്നത് തന്റെ കുടുംബമാണെന്നു രാജി പറയുന്നു.
ഒരു കൗതുകത്തിന്റെയും ആകാംക്ഷയുടെയും പേരിലാണ് രാജി ഈ ജോലി ആരംഭിച്ചതെങ്കിലും ഇന്ന് നാട്ടുകാരുടെയും പാന്പുകളുടെയും രക്ഷകയാണ് രാജിയെന്ന ഈ വീട്ടമ്മ. നന്ദിയോട് ഗ്രാമത്തിൽ മാത്രമല്ല തിരുവനന്തപുരം ജില്ലയിൽത്തന്നെ പാന്പിനെക്കണ്ടു പേടിക്കുന്നവർക്കു രാജിയെന്ന പേര് ഒരാശ്വാസമാണ്. നന്പർ ഒന്നു ഡയൽ ചെയ്യുകയേ വേണ്ടൂ.
രാജി വിളിപ്പുറത്തുണ്ട്. ഇന്ന് ഈ ഗ്രാമത്തിലുള്ളവർക്ക് വളരെ പ്രിയപ്പെട്ടവരാണ് രാജിയും കുടുംബവും. ഭാര്യയായും മകളായും അമ്മയായുമെല്ലാം നല്ല ഒരു കുടുംബിനി കൂടിയാണ് രാജി.
റിച്ചാർഡ് ജോസഫ്