മുക്കൂട്ടുതറയില്‍നിന്ന് കൗമാരക്കാരിയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളില്‍ തെറ്റായരീതിയില്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് യുവതികള്‍ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വേലനിലം സ്വദേശിയായ യുവതിയെ പോലീസ് പിടികൂടി. പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ പനക്കച്ചിറ സ്വദേശിയായ യുവാവ് കുറ്റക്കാരനാണെന്നും പെണ്‍കുട്ടിയെ ഇയാള്‍ തട്ടികൊണ്ടുപോയതാണെന്നും കാട്ടിയാണ് നിലവില്‍ ഈരാറ്റുപേട്ടയില്‍ താമസക്കാരിയായ യുവതി സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയത്.
പോസ്റ്റില്‍ യുവാവിന്റേയും കൗമാരക്കാരിയുടെയും ഫോട്ടോയും ചേര്‍ത്തിരുന്നു. ഇത് ഒരാഴ്ചമുമ്പ് വ്യാപകമായി പ്രചരിക്കുകയും യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പോസ്റ്റിട്ട വേലനിലം സ്വദേശി മുണ്ടക്കയത്തെ കച്ചവടസ്ഥാപനത്തില്‍ എത്തിയത്. വിവരം അറിഞ്ഞ് യുവാവും പോസ്റ്റില്‍ ചിത്രംവന്ന കുട്ടിയും സ്ഥലത്തെത്തി ഇവരുമായി വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ വിവരം പോലീസിലറിയിച്ചു. കസ്റ്റഡിയിലായ ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.