പെരിങ്ങോട്ടുകര: ജനവാസകേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരേ സമീപവാസികളുടെ സമരത്തിനിടെ യുവതി മൊബൈൽ ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതു പരിഭ്രാന്തി പരത്തി.
അന്തിക്കാട് പോലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറെനേരം നാടിനെ മുൾമുനയിലാക്കിയായിരുന്നു യുവതിയുടെ പ്രതിഷേധം.
നാട്ടികയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഏറെ നേരത്തിനു ശേഷം പ്രശ്നങ്ങൾക്കു രമ്യമായി പരിഹാരം കാണാമെന്ന അന്തിക്കാട് സിഐ പി.കെ. മനോജ്കുമാറിന്റെ ഉറപ്പിന്മേൽ യുവതി താഴെയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടു അഞ്ചിനായിരുന്നു സംഭവം.
താന്ന്യം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ജനവാസകേന്ദ്രത്തിൽ സമീപവാസികളുടെ അനുമതി വാങ്ങാതെയാണ് മൊബൈൽ ടവറിന്റെ നിർമാണമെന്നു പരിസരവാസികൾ പറയുന്നു. ടവറിനു സമീപത്തായി അങ്കണവാടിയും ക്ഷേത്രവുമുണ്ട്.
ടവർ നിർമാണത്തിനായി കുഴിയെടുത്തപ്പോൾ ഇതിനോടു ചേർന്നുള്ള വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നതായും തങ്ങളുടെ ജീവനു ഭീഷണിയുള്ളതായും ടവറിന്റെ സമീപമുള്ള വീട്ടുകാർ പറഞ്ഞു.
ജനങ്ങൾ തിങ്ങിതാമസിക്കുന്ന പ്രദേശത്തു മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരവുമായി വെള്ളിയാഴ്ച വെണ്ടര നിവാസികൾ താന്ന്യം പഞ്ചായത്ത് ഓഫീസിൽ സമരം നടത്തിയിരുന്നു. പഞ്ചായത്തിൽ നിന്ന് അനുകൂലമല്ലാത്ത സമീപനമാണ് ഉണ്ടായതെന്ന് ഇവർ ആരോപിക്കുന്നു.
ജനങ്ങൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മൊബൈൽ ടവർ തങ്ങളുടെ പ്രദേശത്ത് അനുവദിക്കില്ലെന്നു സമീപവാസികളായ ലത സന്തോഷ്, പ്രേംശങ്കർ കാരാട്ടുപറന്പിൽ, ഷൈല പ്രകാശൻ, വിദ്യാനന്ദൻ പൊഴക്കലാത്ത്, ചന്ദ്രബോസ്, ഓമന ദാമോധരൻ എന്നിവർ അറിയിച്ചു. ടവറിന് സമീപത്തെ 50 വീട്ടുകാർ ഇതിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.