കോട്ടയം: ബൈക്കിന്റെ നന്പർ പ്ലേറ്റ് മടക്കിവച്ച് വ്യക്തമായ പദ്ധതി തയാറാക്കി നായ്ക്കുട്ടികളെ മോഷ്ടിച്ചു.
പക്ഷേ സിസിടിവി കാമറ ചതിച്ചു. മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിലായി.
പാന്പാടി എസ്എൻ പുരം പുതുപ്പറന്പിൽ ക്രിസ്റ്റി ആന്റണി (29), മള്ളുശേരി പുല്ലരിക്കുന്ന് പാറയ്ക്കൽ റിജിൽ രാജു(27) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് നാഗന്പടത്തുള്ള റൂബി പെറ്റ് ഷോപ്പിൽനിന്നും 45 ദിവസം പ്രായമുള്ള ലഫാസാ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ ഇവർ മോഷ്ടിച്ചത്. ഷോപ്പിലെത്തിയ പ്രതികൾ നായ്ക്കുട്ടികളുടെ വില തിരക്കി.
തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ രണ്ടു നായ്ക്കുട്ടികളെയും കൈകളിൽ എടുത്തു.
പ്രതികളിലൊരാൾ പുറത്തേക്കു പോയി ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയ സമയം അകത്തുനിന്ന പ്രതി രണ്ടു പട്ടിക്കുഞ്ഞുങ്ങളുമായി പുറത്തേക്കോടി ബൈക്കിൽ കയറി രക്ഷപ്പെട്ടു.
നന്പർ പ്ലേറ്റ് മടക്കിവച്ചു മാസ്ക് ധരിച്ചു എത്തിയതിനാൽ പിടിക്കപ്പെടില്ലെന്നായിരുന്നു ഇവർ കരുതിയിരുന്നത്.
തുടർന്ന് ഈസ്റ്റ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികളെ കണ്ടെത്തി.
എസ്എച്ച്ഒ റിജോ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടുകയും നായ്ക്കുട്ടികളെ കണ്ടെത്തുകയും ചെയ്തു.