കോട്ടയം: ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരെ രക്ഷിക്കാൻ കോട്ടയം ജില്ലാ പോലീസിന്റെ മുക്തി പദ്ധതിയിലേക്ക് വിളിക്കു.
ജില്ലയിൽ നിന്നും കൗമാരക്കാരായ നിരവധി പേർ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതോടെ ഇത്തരക്കാരെ രക്ഷിക്കുന്നതിനായി ജില്ലാ പോലീസ് ദ്രുതകർമ പദ്ധതിയായ മുക്തി നടപ്പാക്കുന്നത്.
ആഘോഷ വേളകളിലാണ് കൗമാരക്കാർ കഞ്ചാവും മയക്കുമരുന്നുമുൾപ്പെടെയുള്ളവ ഉപയോഗിച്ചു തുടങ്ങുന്നത്. പീന്നിട് ഇവ നിർത്താൻ സാധിക്കാതെ വരുന്നു.
ദിവസങ്ങൾ കഴിയുന്നതോടെ ലഹരി ഉല്പന്നങ്ങൾ വാങ്ങുന്നതിനു കൈയിലുള്ള പണം തികയാതെ വരും.
ഈ സാഹചര്യത്തിൽ മോഷണവും പിടിച്ചുപറിയുമുൾപ്പെടെയുള്ള ആക്രമ സംഭവങ്ങളിലേക്കു കടക്കും.
കൗമാരക്കാരിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ നിരീക്ഷണമെന്നാണ് പോലീസ് പറയുന്നത്. ലഹരി അടിമപ്പെടുന്നവരെ ചികിത്സയിലുടെ മാത്രമേ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ കഴിയു.
മയക്കു മരുന്നിന് അടിമപ്പെട്ട് ക്വട്ടേഷൻ പ്രവർത്തനവും മയക്കുമരുന്നിന്റെ വാഹകരായി കുറ്റവാളികളാകുന്ന കൗമാരക്കാരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്.
ഇത്തരക്കാരെ കണ്ടെത്തി ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെ സാധാരണ ജീവിതം നയിക്കുന്നതുവരെ നിരന്തര മേൽനോട്ടം വഹിച്ച് പുനരധിവാസം നടത്തുകയാണ് മുക്തിയിലൂടെ ഉദ്ദേശിക്കുന്നത്.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കാം. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വിവരങ്ങൾ നൽകുവാൻ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഓഫീസിലെ ലാൻഡ് നന്പറോ പദ്ധതിയുടെ കോർഡിനെറ്റർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ആർ. അരുണ്‍കുമാറിന്റെ നന്പറോ ഉപയോഗിക്കാം.
ലഹരി മാഫിയകൾ തന്പടിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു കൈമാറാം.
ആളൊഴിഞ്ഞ വീടുകൾ, പുഴയോരങ്ങൾ, വയലോരങ്ങൾ, കുറ്റിക്കാടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടികൾ കൂട്ടം കൂടി ഇരിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണം.
ഇത്തരക്കാർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നന്പരുകൾ ശേഖരിച്ചും പോലീസിൽ അറിയിക്കുക.
മുക്തിയുടെ ഉദ്ഘാടനം കൊച്ചി റേഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നീരജ് കുമാർ ഗുപ്ത നിർവഹിച്ചു.
ജില്ലാ പോലീസ് ചീഫ്ൃ ഡി. ശില്പ, അഡിഷണൽ എസ്പി എസ്. സുരേഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എം. ജോസ്, പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. തോംസണ്‍ എന്നിവർ പങ്കെടുത്തു.
ലാൻഡ് ഫോണ്‍: 0481-2562304, കെ.ആർ. അരുണ്‍കുമാർ: 9497931875