കോട്ടയം: ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്പോൾ പോലീസ് പിടിച്ചെടുക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം.
ലഹരിവസ്തുക്കൾ പിടിക്കുടുന്നതിനായി പോലീസിൽ ലഹരി വിരുദ്ധ സ്ക്വാഡുകൾ നിരവധിയാണ്.
ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള എൻഡിപിഎസ് നിയമപ്രകാരം പോലീസ് നടപടികൾ ക്രീയാത്മകമാകുന്പോഴും കൂണുപോലെ മുളക്കുന്ന ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ വെല്ലുവിളികളാകുകയാണ്.
കഞ്ചാവ്, മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിൻ, എൽഎസ്ഡി, ചികിത്സാ ആവശ്യങ്ങൾക്കുവേണ്ടി മാത്രമുപയോഗിക്കുന്ന മോർഫിൻ, ഡയാസെപാം തുടങ്ങിയവ കൈവശം സൂക്ഷിക്കുന്നവരുമുണ്ട്.
ഗുണ്ടാ സംഘങ്ങളുടെ വരുമാന ശ്രോതസ് ലഹരി കടത്തായിരിക്കുന്നതോടെ വലിയ അളവിലാണ് ലഹരി വസ്തുക്കൾ അതിർത്തി കടന്ന് ജില്ലയിലെത്തുന്നത്.
ഡോക്ടറുടെ കുറിപ്പടിയിൽ വില്ക്കുന്ന മരുന്നുകൾ ലഹരി സംഘത്തിന്റെ പക്കൽ
ഡോക്ടറുടെ കുറിപ്പടി പ്രകാരം വിൽക്കേണ്ട സൈക്കോട്രോപിക്ക് മരുന്നുകളും വ്യാപകമായി മയക്കുമരുന്നു സംഘത്തിന്റെ കൈകളിൽ എത്തുന്നുണ്ട്.
വേദന സംഹാരികളും മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനുള്ള മരുന്നുകളുമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. കഞ്ചാവും ഹാഷിഷും കടത്തുന്നതിനെക്കാൾ സൗകര്യപ്രദമായി ഇവ കൈമാറ്റം ചെയ്യാം.
ഇത്തരം പുതുതലമുറ ലഹരികൾ പ്രഫഷണൽ കോളജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യുവാക്കൾ ഒത്തുകൂടുന്ന സ്വകാര്യ സംഗമത്തിലും റേവ് പാർട്ടികളിലുമാണു കൂടുതലായി ഉപയോഗിക്കുന്നത്.
പെണ്കുട്ടികളും വലിയ രീതിയിൽ ആവശ്യക്കാരാണ്. ഡാർക് സൈറ്റുകളും വാട്സ് ആപ്, ടെലഗ്രാം മെസഞ്ചറുകളിലും ലഹരി ഇടപാടുകാരുടെ ഗ്രൂപ്പുകൾ സജീവമാണ്.
വീട്, കൂട്, ജോയിന്റ്, സെറ്റ് എന്നിങ്ങനെ നീളുന്നു രഹസ്യഗ്രൂപ്പുകളുടെ പേരുകൾ. ഏതു ഇടപാടുകാരനെ പിടിച്ചാലും അയാളുടെ ഫോണിലെ മുഴുവൻ വിശദാംശങ്ങളും പോലീസ് പരിശോധിക്കും.
ആരൊക്കെയാണ് ആവശ്യക്കാരെന്നും എവിടെ കഞ്ചാവു ലഭിക്കുമെന്നുമെല്ലാം അറിയാൻ ഇതു പലപ്പോഴും സഹായിക്കും.
ഓണ്ലൈൻ പണമിടപാട് നടത്തുന്ന ഗൂഗിൽ പേ, ഫോണ് പേ പോലുള്ള ആപ്ലിക്കേഷനുകൾ മുഖേനയാണ് ഇപ്പോൾ ലഹരി സംഘങ്ങളുടെ ഇടപാട്.
പുതുതലമുറ ലഹരികൾക്ക് ഡിമാൻഡ് ഏറി
തെലങ്കാന, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നും വലിയ തോതിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി എത്തുന്നുണ്ട്.
ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ വനമേഖലയിൽ ആദിവാസി, മാവോയിസ്റ്റുകളുടെ സംരക്ഷണത്തിൽ ഉത്പാദിപ്പിക്കുന്ന കഞ്ചാവും വാറ്റിയെടുക്കുന്ന ഹഷീഷ് ഓയിലും തുടങ്ങി പുതിയ തലമുറയിലെ ലഹരി വസ്തുക്കൾവരെ സംഘങ്ങൾ ഇവിടെത്തിക്കുന്നു.
തിരുപ്പൂർ, ബംഗളൂരു, ആന്ധ്രയിലെ ഓങ്കോൾ തുടങ്ങിയ നഗരങ്ങളിലെ ഗോഡൗണുകളിലെത്തുന്ന ലഹരി വസ്തുക്കൾ ചെറുവാഹനങ്ങളിലേക്കു മാറ്റി പ്രത്യേകം നിർമിക്കുന്ന അറകളിലും സ്റ്റെപ്പിനി ടയറിലും ബോണറ്റിലും ഡോർ പാനലിലും നിറച്ചാണു കേരളത്തിലെത്തിക്കുന്നത്.
പ്രത്യേകിച്ചും പച്ചക്കറി, ധാന്യം കൊണ്ടുവരുന്ന വണ്ടികളാണ് ഇതിനായി കൂടുതൽ ഉപയോഗിക്കുന്നത്. പഠനാവശ്യത്തിനെത്തുന്ന യുവാക്കളും വാഹകരാകുന്നുണ്ട്.
ഓരോ തവണ കിലോക്കണക്കിനു കഞ്ചാവ് കടത്തുന്പോഴും 30,000 മുതൽ 60,000 വരെയാണ് യുവാക്കൾക്ക് ലഭിക്കുന്നത്.
വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും വലിയ വില വരുന്ന പുതുതലമുറ ലഹരികൾക്കും ഡിമാൻഡ് ഏറുകയാണ്.
ലഹരി എത്തിക്കുന്നതിൽ കോളജ് വിദ്യാർഥികൾ, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ, ഭക്ഷണ സാമഗ്രികളുടെ വിതരണക്കാർ, പാഴ്സൽ കൊറിയർ ജീവനക്കാർ, പൊതുമേഖല-സ്വകാര്യ ഗതാഗത സംവിധാനത്തിലെ ജീവനക്കാർ തുടങ്ങിയവരും കണ്ണികളാകുന്നുണ്ട്.
ഫോണ് വഴി ആവശ്യക്കാർക്ക് പ്രത്യേക സമയത്ത് ചില സ്ഥലങ്ങളിൽ എത്തിച്ചു നൽകുകയാണിപ്പോൾ.