തൃശൂർ: ലഹരി ഉപയോഗത്തിന്റെ കേസുകൾ പെരുപ്പിച്ചു കാട്ടി ബാർ തുറക്കുന്നതിനു തെളിവുണ്ടാക്കാൻ എക്സൈസ് വകുപ്പിന്റെ രഹസ്യ നീക്കം. ഇതിന്റെ ഭാഗമായി മാസങ്ങൾക്കു മുന്പുതന്നെ ചെറിയ സംഭവങ്ങളിൽ പോലും കേസുകൾ രജിസ്റ്റർ ചെയ്യണമെന്നു നിർദേശം നല്കി. ബാറുകൾ പൂട്ടിയതോടെ കഞ്ചാവ് അടക്കമുള്ള ലഹരിയുടെ ഉപയോഗം അമിതമായി വർധിച്ചുവെന്നു കാണിക്കാനാണ് ഇത്തരം നിർദേശം നല്കിയതെന്നു പറയുന്നു. ബാറുകൾ തുറക്കുന്നതിനുള്ള കാരണം കോടതി ചോദിച്ചാൽ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്നതിനായിരുന്നു ഈ നീക്കമത്രെ.
നിർദേശത്തെതുടർന്ന് എക്സൈസ് വകുപ്പ് എങ്ങനെയെങ്കിലും കേസുകൾ ഉണ്ടാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. പൊതുസ്ഥലത്തു ബീഡിയും സിഗരറ്റും വലിച്ചുപിടിച്ചാൽ പോലും കഞ്ചാവ് വലിച്ചുവെന്നു വരുത്തിത്തീർത്ത് കേസാക്കണമെന്നും രഹസ്യ നിർദേശമുണ്ടായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞദിവസം എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് കേരളം ലഹരി ഉപയോഗത്തിൽ രണ്ടാമതെത്തിയതായി വ്യക്തമാക്കിയിരുന്നു.
വർഷത്തിൽ മുപ്പതിനായിരത്തോളം കേസുകളാണ് ഇങ്ങനെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇത്തരത്തിൽ ലഹരി ഉപയോഗം പോയാൽ കേസുകളുടെ കാര്യത്തിൽ കേരളം ഒന്നാമതെത്തുമെന്നും സൂചന നല്കി. ലഹരി ഉപയോഗത്തിൽ കേസുകളുടെ കാര്യത്തിൽ കേരളത്തെ ഒന്നാമതെത്തിക്കുന്നതിൽ എക്സൈസ് വകുപ്പും ഉദ്യോഗസ്ഥരുമാണ് പ്രധാന പങ്കു വഹിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
മദ്യത്തിന്റെ ഉപയോഗം കുറച്ചതിനാൽ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗം കൂടുകയാണെന്നും, പിടിച്ചുനിർത്താൻ പോലും സാധിക്കാത്ത അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങുകയാണെന്നും കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതിയിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. മദ്യനയം അടുത്തുതന്നെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.
ബാറുകൾ തുറന്നാൽ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗം കുറയുമെന്നാണ് മറ്റൊരു വാദം. എന്നാൽ, ബാറുകൾ തുറന്നിരുന്ന സമയത്തും ഇത്തരത്തിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടായിരുന്നു. അന്നൊന്നും ഇത്തരത്തിൽ കേസുകൾ എടുത്തുകൂട്ടാൻ എക്സൈസ് വകുപ്പ് ശ്രമിച്ചിരുന്നില്ല.