അമ്പലപ്പുഴ: സമൂഹമാധ്യമങ്ങൾവഴി ആവശ്യക്കാരെ കണ്ടെത്തി മാരക മയക്കുമരുന്നുകൾ വിതരണം ചെയ്തു വന്നിരുന്ന കേസിൽ ഒരാളെക്കൂടി പുന്നപ്ര പോലീസ് പിടികൂടി.
ആലപ്പുഴ ആലശേരി വാർഡ് വലിയപറമ്പിൽ തൻവീർ അഹമ്മദ് സേട്ട് (27) ആണ് പിടിയിലായത്.വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ചു വാട്ട്സാപ്പിൽ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്നുകൾ വിതരണം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഇജാസ്, റിൻഷാദ് എന്നിവരെ നേരത്തേ പുന്നപ്ര പോലീസ് പിടികൂടിയിരുന്നു.
ഇതേത്തുടർന്ന് ഒളിവിലായിരുന്ന തൻവീർ ഇന്നലെ പോലീസിന്റെ പിടിയിലാകുകയായിരുന്നു.പരസ്പരം കാണാതെ വാട്സാപ്പ് വഴി മയക്കുമരുന്നു വയ്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഷെയർ ചെയ്തായിരുന്നു വിതരണം ചെയ്തു വന്നിരുന്നത്.
പണമിടപാടുകളുടെ വിവരം അന്വേഷണ ഉദ്യോഗസ്ഥർ അറിയാതിരിക്കാൻ തിരുവമ്പാടിയിൽ കോഫി ഷോപ്പ് നടത്തുന്ന തൻവീർ തന്റെ കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു പണമിടപാട് നടത്തിയിരുന്നത്.
കൂട്ടുപ്രതികൾ പിടിയിലായതോടെ ബംഗാൾ സ്വദേശിയെ നാട്ടിലേക്കു കയറ്റിവിട്ടിരുന്നു. പുന്നപ്ര സിഐ ലൈസാദ് മുഹമ്മദ്, എസ്ഐമാരായ സിദ്ധിഖ്, അജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സേവ്യർ , അനസ്, ടോമി, രാജീവ്, വിനിൽ, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.