സ്വന്തം ലേഖകൻ
തലശേരി: മലബാറിന്റെ ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയ തലശേരി നഗരത്തിൽ യൂറോപ്പിൽ നിന്നുള്ള ലഹരി വസ്തുക്കളും എത്തുന്നു. അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് റോഡരികിൽ മരിച്ച് വീണ സംഭവത്തെ തുടർന്ന് ലഹരി മാഫിയ തലവനെ ജനകൂട്ടം തടഞ്ഞ് വെച്ച് ജനകീയ വിചാരണ നടത്തി.
തലശേരി നഗരത്തിലേക്ക് ലഹരി എത്തുന്ന വഴികൾ ജനങ്ങളോട് ലഹരി മാഫിയ തലവൻ വിശദീകരിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി. യൂറോപ്പിൽ പ്രചാരത്തിലുള്ള മെത്താം ഫിറ്റമിൻ എന്ന ലഹരി വസ്തു തലശേരിയിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നതായി മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു.
രണ്ടു പെൺകുട്ടികൾ
ലഹരിക്കടിമയായ രണ്ട് പെൺകുട്ടികളിൽ നടത്തിയ പരിശോധനയിലാണ് യുറോപ്യൻ ലഹരിയും തലശേരിയിലെത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിട്ടുള്ളത്. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികൾ യൂറോപ്യൻ ലഹരിക്കു പുറമെ ഒപിഎം, എൻഎംബിഎ, കഞ്ചാവ്, മോർഫിൻ, ക്ലോറോഫോം എന്നിവയും ഉപയോഗിച്ചിട്ടുള്ളതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഇവിടുത്തെ മെഡിക്കൽ സംഘത്തിനു രക്ഷപ്പെടുത്താൻ പറ്റാത്ത വിധത്തിൽ ലഹരി കീഴ്പ്പെടുത്തിയിട്ടുള്ള പെൺകുട്ടികളെ വിദഗ്ധ ചികിത്സക്കായി കേരളത്തിന്റെ പുറത്തേക്ക് കൊണ്ടു പോകാനുള്ള നീക്കത്തിലാണ് രക്ഷിതാക്കൾ.
ഒാണ്‍ലൈൻ ഫാർമസി
കഞ്ചാവിനും ബ്രൗൺ ഷുഗറിനുമൊപ്പം ലഹരി കൂട്ടാൻ മോർഫിൻ, ക്ലോറോഫോം എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് മോർഫിൻ ഗുളികകൾ മലബാറിൽ എത്തുന്നത്. കേരളത്തിൽ മോർഫിന്‍ മെഡിക്കൽ ഷോപ്പുകളിൽ കർശന നിയന്ത്രണമാണുള്ളത്.
ഡോക്ടർമാർക്കുപോലും മോർഫിൻ ഉപയോഗിക്കുന്നതിന് പ്രത്യേക രജിസ്റ്റർ തന്നെയുണ്ട്. എന്നാൽ കർണാടകയിൽ ഓൺലൈൻ ഫാർമസിയുടെ മറവിലാണ് മോർഫിൻ കച്ചവടം നടക്കുന്നത്. ബേക്കറി വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ചിലർ മോർഫിൻ ഉൾപ്പെടെയുള ലഹരിക്കടത്തിന് പിന്നിലുളളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജനകീയ വിചാരണ
മട്ടാമ്പ്രത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ നഗരമധ്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് ലഹരിക്കടത്ത് കേസിൽ പത്ത് വർഷം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തു വന്നയാളെ തലശേരി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ വിചാരണ ചെയ്തത്.
എന്നാൽ, താനിപ്പോൾ മയക്കുമരുന്ന് വില്ക്കുന്നില്ലെന്നും തന്റെ മകൻ വില്‍ക്കുന്നുണ്ടെന്നും ഇയാൾ ജയകീയ വിചാരണക്കിടെ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. ഇയാളും ആദ്യ ഭാര്യയും മകനും ഇപ്പോഴും ലഹരിക്കടത്തിൽ സജീവമാണെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്.
കഞ്ചാവ്, ബ്രൗൺ ഷുഗർ, ഒപിഎം തുടങ്ങിയ ലഹരി വസ്തുക്കളെല്ലാം തലശേരിയിലെത്തുന്ന വഴികളും വില്പന നടത്തുന്ന ആളുകളുടെ പേരുകളും ഇയാൾ ജനങ്ങളോട് വിശദീകരിക്കുന്നുണ്ട്.
നൂറുകണക്കിന് ആളുകളെത്തി
നൂറു കണക്കിനാളുകളാണ് ലഹരി മാഫിയ തലവനെ പിടികൂടാൻ എത്തിയത്. മുഴപ്പിലങ്ങാട് കാസിമി, റഫു, മുന്ന എന്നിവരാണ് തലശേരിയിൽ ലഹരി വില്പനയിൽ പ്രധാനികളെന്നും അഴിയൂർ ചുങ്കത്ത് നിന്നാണ് ക്ലോറോഫോം എത്തുന്നതെന്നും ലഹരി മാഫിയ തലവൻ ജനങ്ങളോട് പറയുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന നിരവധി യുവാക്കളുടെ പേര് വിവരങ്ങളും ഇയാൾ പറയുന്ന രംഗം വീഡിയോയിലുണ്ട്.
ഇതിനിടയിൽ ലഹരി മാഫിയയുടെ പിടിയിൽ നിന്നും നഗരത്തെ രക്ഷിക്കാൻ നഗരസഭാ കൗൺസിലർ ഫൈസൽ പുനത്തിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു വരികയായിരുന്നുവെന്നും വിലപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ലഹരി മാഫിയയെ ഇല്ലാതാക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഫൈസൽ പുനത്തിൽ രാഷ്ട്രദീപികയോട് പറഞ്ഞു.