കെ.ഷിന്റുലാല്‍
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയുള്ള മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫെറ്റാമിന്‍ (എംഡിഎംഎ) തയാറാക്കുന്നത് ബംഗളൂരുവിലെ ‘ലാബില്‍’.
നൈജീരിയക്കാരായ യുവാക്കള്‍ നേരിട്ടെത്തി കുറഞ്ഞ ചെലവിലുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുകയും സ്വന്തം ‘ലാബില്‍’ എംഡിഎംഎ തയാറാക്കുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് താമസവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ ബംഗളൂരുവില്‍ ഏജന്റുമാരുണ്ടെന്നും ആന്റിനാര്‍ക്കോട്ടിക് സ്പെഷല്‍ ഫോഴ്സിന് വിവരം ലഭിച്ചു.
അടുത്തിടെ കോഴിക്കോട്ടുനിന്ന് എംഡിഎംഎയുമായി പിടിയിലായവരില്‍നിന്നും ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നൈജീരിയില്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇടനിലക്കാരായ ഏജന്റുമാരാണ് സംസ്ഥാനത്തേക്കുള്ള എംഡിഎംഎ തയാറാക്കി നല്‍കുന്നത്.
മലയാളികളായ ഇത്തരം ഏജന്റുമാര്‍ക്ക് വന്‍തുക വരുമാനമായും ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ആവശ്യക്കാര്‍ക്ക് നേരിട്ട് മയക്കുമരുന്ന് എത്തിക്കുന്ന നൈജീരിയന്‍ സംഘവും ബംഗളൂരുവില്‍ സജീവമായുണ്ട്.
കുക്കിംഗ് അതീവ രഹസ്യം
ബംഗളൂരുവിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചാണ് നൈജീരിയന്‍ സംഘം എംഡിഎംഎ ഉത്പാദിക്കുന്നത്. സന്ദര്‍ശകരായെത്തുന്ന സംഘം സംശയത്തിനിടവരാത്ത രീതിയിലാണ് മയക്കുമരുന്നുകള്‍ നിര്‍മിക്കുന്നതും വിപണനം നടത്തുന്നത്.
നൈജീരിയന്‍ സംഘത്തെ എത്തിക്കാനും മലയാളികളുള്‍പ്പെടെയുള്ള മയക്കുമരുന്ന് മാഫിയകള്‍ ബംഗളൂരുവിലുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.
ഉന്നത വിദ്യാഭ്യാസമുള്ള നൈജീരിയക്കാരാണ് ബംഗളൂരുവില്‍ സിന്തറ്റിക് ഡ്രഗ്സ് കുക്കിംഗിന് എത്താറുള്ളതെന്നാണ് പിടിയിലായ പ്രതികള്‍ പറയുന്നത്. അതീവരഹസ്യമായാണ് ഇവര്‍ ഇത് പാകപ്പെടുത്തുന്നത്.
ബംഗളൂരുവിലേയും മറ്റും കെമിസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത യുവാക്കള്‍ വരെ ഈ കൂട്ട് കണ്ടുപിടിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അതിനാലാണ് വില എത്രയായാലും നൈജീരിയില്‍ സംഘത്തിന്റെ സിന്തറ്റിക് ഡ്രഗ്സിന് ആവശ്യക്കാരേറെയുമുള്ളത്.
ലാന്‍ഡിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള വിസയില്‍
പഠനാവശ്യത്തിനെന്ന പേരിലാണ് നൈജീരിയന്‍ മയക്കുമരുന്ന് സംഘം ബംഗളൂരുവില്‍ എത്തുന്നതെന്നാണ് പോലീസ് പറയുന്നത്. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് വീര്യം കൂടിയ എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്നത്.
വീര്യം കുറഞ്ഞാല്‍ ഈ സംഘത്തിന്റെ ബിസിനസ് കുറയുമെന്നതിനാല്‍ അതിസൂക്ഷ്മതയോടു കൂടി ചേരുവകള്‍ ചേര്‍ത്തുകൊണ്ടാണ് നിര്‍മാണമെന്നും പിടിയിലായ പ്രതികള്‍ അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തി.
നൈജീരിയന്‍ ഹണ്ടേഴ്സ്
നൈജീരിയന്‍ ഹണ്ടേഴ്സ് എന്ന പേരില്‍ നൈജീരിയന്‍ സംഘം മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.ഈ സംഘത്തിലെ ബയഫ്ര സ്വദേശിയായ മൈക്കിളിനെ ഏപ്രിലില്‍ മഞ്ചേരിയില്‍ പിടികൂടുകയും ചെയ്തിരുന്നു.
ഏജന്റുമാര്‍ വഴി ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി എംഡിഎംഎ കൈമാറുകയായിരുന്നു ഇയാളുടെ രീതി. ബംഗളൂരുവില്‍ വച്ചായിരുന്നു മൈക്കിള്‍ മയക്കുമരുന്ന് നിര്‍മിച്ചത്.
മാരകായുധങ്ങളുമായി പിടികൂടാന്‍ എത്തുന്നവരെ ആക്രമിക്കുന്ന രീതിയും ഇവര്‍ക്കുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.