കൊച്ചി: മാരക ലഹരിമരുന്നായ ബ്യൂപ്രിനോഫിന് ലൂപിജെസിക് ഐപി ആംപ്യൂളുകളുമായി യുവാവ് പിടിയിലായ കേസില്‍ ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന് എത്തിച്ചിരുന്ന യുവതിയെ ഉടന്‍ പിടികൂടുമെന്ന് എക്സൈസ്. ഡ്രഗ് കാരിയറായ ഇവരുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ആലുവ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന നിശാ പാര്‍ട്ടികള്‍ക്കുള്ള മയക്കുമരുന്നായ ബ്യൂപ്രിനോഫിന് ലൂപിജെസിക് ഐപി ആംപ്യൂളുകളുമായി നെടുമ്പാശേരി കരിയാട് സ്വദേശിയും ആരീക്കല്‍ വീട്ടില്‍ അരുണ്‍ ബെന്നിയെ (25, ബൈപ്പാസ് ന്യൂട്ടൺ) കഴിഞ്ഞ ദിവസം എക്സൈസ് ഷാഡോ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
അരുണിന്റെ പക്കല്‍നിന്ന് ഏഴ് ബ്യൂപ്രിനോര്‍ഫിന്‍ ഇന്ജക്ഷന് ആംപ്യൂളുകളും മയക്കുമരുന്നു കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചും മൂന്ന് സൂചിയും എക്സൈസ് പിടിച്ചെടുത്തിരുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനു സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാല്‍ഷ്യല്‍ മാനേജരായ അരുണ്‍ ബെന്നി അവിടെവച്ചാണ് യുവതിയെ പരിചയപ്പെട്ടത്.
പിന്നീട് ഇവര്‍ വഴി വളരെ അപൂര്‍വമായി ലഭിക്കുന്ന മയക്കുമരുന്ന് ബ്ലാംഗ്ലൂരില്നിന്ന് വാങ്ങി കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മയക്കുമരുന്നു വാങ്ങാറുള്ളതായി അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നതായും ഇയാള്‍ സമ്മതിച്ചു.