ചങ്ങനാശേരി: പായിപ്പാടു നിന്ന് ഇന്നലെ പിടിയിലായാൾ നിരോധിത പുകയില ഉല്പന്നങ്ങളുടെ മൊത്ത വ്യാപാരി.
പായിപ്പാട് വെള്ളാപ്പള്ളി ഓമണ്ണ് സ്വദേശി ജയകുമാറി (ജയൻ- 55) നെയാണ് വാഹനത്തിലും വാടക വീട്ടിലുമായി മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
നിരോധിത പുകയില്‍ ഉല്പന്നങ്ങൾ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി വാഹനത്തിൽ പോകുന്പോഴാണ് പിടിയിലായത്. പീന്നിടാണ് പോലീസ് ഇയാളുടെ മാന്താനത്തുള്ള വാടക വീട് റെയ്ഡ് ചെയ്തു ഒന്നര ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്. ഈ സംഭവത്തിൽ കീഴ് വായ്പൂർ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാറിൽ മൂന്ന് ചാക്കുകളിലായി 1,624 പായക്കറ്റ് ഹാൻസും 864 കൂൾലിപ്പുമാണ് കണ്ടെടുത്തത്. സമാനമായ രീതിയിൽ ചാക്കിൽ കെട്ടിയാണ് വാടക വീട്ടിലും പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ മാർഗമാണ് ഇയാൾ സാധനം നാട്ടിൽ എത്തിച്ചിരുന്നത്.
പാമല, വെള്ളാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മുറികളിൽ സൂക്ഷിച്ചും വിൽപന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷൽ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അനിൽകുമാർ, എഎസ്ഐ ബിജു, സിപിഒ അജിത്ത് കുമാർ, സ്ക്വാഡ് അംഗങ്ങളായ അരുണ്‍, ഷമീർ, പ്രതീഷ് രാജ്, ഷിബു, അജയകുമാർ, തോംസണ്‍ കെ. മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.