ചെങ്ങന്നൂർ: അടച്ചിട്ട വീട് കുത്തിത്തുറന്ന് ലഹരി ഉപയോഗം നടത്തവെ പിടികൂടിയ കുട്ടിക്കുറ്റവാളികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രമാണവും മറ്റ് വിലപ്പെട്ട രേഖകളും ഐപാഡ്, എമർജൻസി ടോർച്ച്, ഗ്രൈന്റിംഗ് മെഷ്യൻ എന്നിവ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. ഏറെ നാളായി അടച്ചിട്ടിരുന്ന ചെറിയനാട് മാന്പ്രവിള കിഴക്കേതിൽ രേവതി ഭവനത്തിൽ വിനോദിന്റെ ആൾത്താമസമില്ലാത്ത വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്നാണ് നാലു വിദ്യാർഥികൾ മദ്യസേവയും ലഹരി ഉപയോഗവും പതിവാക്കിയത്.
വിദ്യാർഥികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഒന്പത്, പത്ത്, പ്ലസ് വണ് വിദ്യാർഥികളാണ് പിടിയിലായത്. വിദ്യാർഥികളെ പിടികൂടിയശേഷം നാട്ടുകാർ നടത്തിയ പരിശോധനിൽ വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയവ കണ്ടെടുത്തു. വീടുമുഴുവൻ മലമൂത്രവിസർജനം നടത്തിയ നിലയിലായിരുന്നു. ചുവരുകളിൽ അശ്ലീല ചിത്രങ്ങളും ഇവർ വരച്ചിരുന്നു.
വീട്ടുപകരണങ്ങൾ തല്ലികതർത്തിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെത്തിയ വിനോദ് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പ്രമാണവും മറ്റ് വിലപ്പെട്ട രേഖകളും ഐപാഡ്, എമർജൻസി ടോർച്ച്, ഗ്രൈന്റിംഗ് മെഷ്യൻ എന്നിവ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഏറെ നാളായി രാത്രികാലങ്ങളിൽ വീട്ടിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കാറുണ്ടായിരുന്നു.
ഇതേ തുടർന്ന് പ്രദേശവാസികൾ ഇവിടെ രഹസ്യമായി കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വിദ്യാർഥികൾ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ വീടുവളയുകയായിരുന്നു. ആളുകളെ കണ്ട് ഇറങ്ങി ഓടിയവരെ നാട്ടുകാർ പിന്നാലെ ഓടിച്ചിട്ട് പിടിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ് നാലുപേരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നലെ നാട്ടിലെത്തിയ വിനോദിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.