തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ റിപ്പോര്‍ട്ട് തേടി. മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറുക.
കോളജ് കാമ്പസുകളിലെ ലഹരി വ്യാപനം തടയാനായി ഗവര്‍ണര്‍ ഇന്ന് വിസിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഡിജിപിക്ക് നൽകിയ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് രാജ്ഭവനിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.