കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസില്‍ ഇപ്പോള്‍ ചില്ലറ വില്പനക്കാരെ ചോദ്യം ചെയ്യുകയാണെന്നും ഇവരില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായും എക്സൈസ്.
പ്രതികളുമായി സാമ്പത്തിക ഇടപാടു നടത്തിയവരെയും ചോദ്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം കാസിം പറഞ്ഞു.
അതേസമയം ലഹരിമരുന്ന സംഘത്തിലെ മുഖ്യകണ്ണി പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി പുതുക്കാടന്‍ അന്‍ഫാസ് സിദ്ധിഖി(24)നെ ഇന്നലെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്യുകയുണ്ടായി.
പ്രതികളെ സാമ്പത്തികമായി സഹായിച്ചവരെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ അന്‍ഫാസിനെയും വിളിപ്പിച്ചിരുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ ലഹരിമരുന്നു സംഘത്തിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചെന്നൈയില്‍നിന്നു കൊണ്ടുവരുന്ന എംഡിഎംഎ പ്രതി ചില്ലറ വില്പന നടത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ലഭിക്കുന്ന പണം മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.