കൊച്ചി: ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വിദ്യാലയങ്ങളിൽ ശക്തമായ ബോധവത്ക്കരണം നടത്താൻ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉത്പാദനവും വിതരണവും തടയുന്നതിനായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മറ്റി അവലോകനയോഗത്തിൽ തീരുമാനം. പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
പോലീസിന്റെയും എക്സൈസിന്റെയും ശക്തമായ ഇടപെടലുകളുടെ ഫലമായി എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതരസംസ്ഥാനക്കാർ കൂടുതലുള്ള ആലുവ, പെരുന്പാവൂർ ഭാഗങ്ങളിലാണ് ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗം റിപ്പോർട്ട് ചെയ്യുന്നത്. ഈ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കും.കഴിഞ്ഞ ഓഗസ്റ്റ് മുതൽ നവംബർ ആദ്യവാരം വരെ ജില്ലയിൽ 182 അബ്കാരി, 273 എൻഡിപിഎസ് കേസുകളിലായി 442 പ്രതികളെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
4158 റെയ്ഡുകൾ നടത്തി. 1801 കോറ്റ്പ കേസുകളിലായി 3.7 ലക്ഷം പിഴ ഈടാക്കി. 1850 ലിറ്റർ വാഷ്, 61.5 ലിറ്റർ ചാരായം, 416.79 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 34.4 ലിറ്റർ ബിയർ, 24.750 ലിറ്റർ അരിഷ്ടം, 64 ലിറ്റർ അനധികൃത മദ്യം, 35 കിലോ കഞ്ചാവ്, എംഡിഎംഎ 26 കിലോ, 1342.95 കിലോ പുകയില ഉത്പന്നങ്ങൾ, 2.75 ഗ്രാം ഹാഷിഷ്, എൽഎസ്ഡി 0.050 ഗ്രാം, 317 നൈട്രസപാം ഗുളികകൾ, 35 മറ്റു മയക്കുമരുന്ന് ഗുളികകൾ, 1013 പാക്കറ്റ് പാൻമസാല-ഹാൻസ്, 46,820 രൂപ എന്നിവ ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിലെ ലൈസൻസ് സ്ഥാപനങ്ങളിലും ഈ കാലയളവിൽ പരിശോധന നടത്തിയിട്ടുണ്ട്. 2866 തവണ കള്ളുഷാപ്പുകളിലും 315 തവണ ബാറുകളിലും 113 തവണ എഫ്എൽ 1 ഷോപ്പുകൾ, 202 തവണ എഫ്എൽ 11 ഷോപ്പുകളിലും, 60 തവണ മറ്റ് ലൈസൻസ്ഡ് സ്ഥാപനങ്ങളിലും പരിശോധന നടത്തി.
14107 വാഹനങ്ങൾ പരിശോധിക്കുകയും 33 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ പോലീസ്, റവന്യു, ഡ്രഗ്സ് കണ്ട്രോളർ, ആരോഗ്യവകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, വനംവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ എന്നീ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തിയിട്ടുണ്ട്.
നിയമ വിദ്യാർഥികളുടെ സഹായത്തോടെ നിയമപരമായ അവബോധം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. എക്സൈസ് വിഭാഗത്തിന് ടോൾ ഫ്രീ നന്പറായ 155358 നന്പർ നാല് അക്ക നന്പർ ആക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ സീനിയർ സൂപ്രണ്ട് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു.