കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഇനി പണിപാളും. കരുതല്‍ തടങ്കലാകും ഇത്തരക്കാരെ ഇനി കാത്തിരിക്കുക.
പ്രിവന്‍ഷന്‍ ഒഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇന്‍ നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റാന്‍സസ് ആക്ട്(പിറ്റ് എന്‍ഡിപിഎസ് ആക്ട്) പ്രകാരം ഇതു നടപ്പിലാക്കാനാണ് എക്സൈസ് ആലോചിക്കുന്നത്.
കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കാപ്പ മാതൃകയിലുള്ള നിയമമനുസരിച്ചുള്ള നടപടക്ക് അധികൃതരൊരുങ്ങുന്നത്.
നിയമം നടപ്പിലാകുന്നതോടെ വീണ്ടും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാകുന്നവരെ ഒരുവര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാകും.
മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപം മാറ്റാനും നിയമം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ലഹരിക്കേസുകളില്‍ പതിവായി പിടിയിലാകുന്നവരുടെ വിവരങ്ങള്‍ എക്സൈസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. 2022 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഷീറ്റില്‍ 2,199 പേരാണ് കുറ്റം ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
ഇതില്‍ എക്സൈസിന് സ്ഥിരം വട്ടംചുറ്റിക്കുന്ന 72 പേരുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിച്ച ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. തുടര്‍നടപടിക്കായി സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.
പതിവായി ലഹരിക്കേസുകളില്‍ കുടുങ്ങുന്നവരുടെ പട്ടിക ജില്ലാതലത്തില്‍ ശേഖരിക്കും. ശേഷം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പരിശോധിച്ച് ജോയിന്റ് എക്സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.
പിന്നീട് എക്സൈസ് കമ്മിഷണര്‍ക്കും. ആഭ്യന്തര സെക്രട്ടറിയടങ്ങുന്ന കമ്മിറ്റിയാണ് പ്രതിക്കെതിരെ പിറ്റ് എന്‍ഡിപിഎസ് ആക്ട് ചുമത്താന്‍ അന്തിമ അനുമതി നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ വിവിധയടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂരിഭാഗം കേസുകളും പ്രതികള്‍ യുവാക്കളാണ്. പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.