കോഴിക്കോട്: ബംഗളൂരുവിൽ ആഡംബര ഫ്ളാറ്റിൽ അടിപൊളി ജീവിതം. ഇവിടെ രാസലഹരി തേടി സ്ഥിരമായി എത്തുന്ന മലയാളി യുവതികൾ.
ചുറ്റിനടക്കാൻ അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു ബൈക്ക്. ഉപയോഗിക്കുന്നത് പ്രീമിയം ഇനത്തിൽപ്പെട്ട ഡ്രസുകളും മറ്റു വസ്തുക്കളും.
കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാനെ (22) തേടി ബംഗളൂരുവിലെത്തിയ കോഴിക്കോട് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.
കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷാരൂഖ്ഖാൻ എന്നാണ് പോലീസ് നൽകുന്ന വിവരം.
ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ബംഗളൂരുവിലെ ആഡംബര ഫ്ളാറ്റിലേക്ക് ഇരച്ചുകയറിയ കോഴിക്കോട് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് ഷാരൂഖ്ഖാനെ പൊക്കിയെടുക്കുകയായിരുന്നു.
മോഡേണ് ബസാറിലെ ട്രൈബ്സോൾ എന്ന റെഡിമെയ്ഡ് ഷോപ്പിൽ ഒരാൾ എംഡിഎംഎ വിൽപന നടത്തുന്നുണ്ടെന്ന് 2022 മേയ് ഒന്നിന് നല്ലളം പോലീസിനു ലഭിച്ച രഹസ്യ വിവരമാണ് ഷാരൂഖ്ഖാന്റെ പിറകെ കൂടാൻ പോലീസിനെ പ്രേരിപ്പിച്ചത്.
സ്ഥാപനം പരിശോധിച്ചപ്പോൾ 48.80 ഗ്രാം എംഡിഎംഎയും 16,000 രൂപയും കണ്ടെടുത്തെങ്കിലും പോലീസിനെ കബളിപ്പിച്ച് ഷാരൂഖ്ഖാൻ രക്ഷപ്പെടുകയായിരുന്നു.
ഒരു വർഷത്തിനുശേഷം ഡിഐജി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവി കേസന്വേഷണം സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പിനെ ഏൽപ്പിച്ചു.
ഷാരൂഖിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചപ്പോൾ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ജൂലൈ ആദ്യവാരം നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചു.
ബംഗളൂരുവിൽ കർണാടക രജിസ്ട്രേഷൻ വാഹനം വാടകയ്ക്കെടുത്ത് പ്രതികൂല കാലാവസ്ഥയിലും പോലീസ് പഴുതടച്ച അന്വേഷണം നടത്തി.
പ്രതി നിരന്തരമായി മാറി മാറി താമസിക്കുന്നത് പോലീസിന് വെല്ലുവിളിയായി. തുടർച്ചയായി നാലു ദിവസത്തോളം രാപകലില്ലാതെ അലഞ്ഞാണ് ഷാരൂഖ്ഖാനെ ബംഗളൂരുവിന്റെ ഉൾഗ്രാമത്തിലെ ആഡംബര ഫ്ളാറ്റിലെ 11-ാം നിലയിലുള്ള റൂമിൽനിന്നു സാഹസികമായി പിടികൂടിയത്.
നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ്് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽനിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ച് കൊടുക്കുന്നതിനെക്കുറിച്ചും ബംഗളൂരുവിൽ എംഡിഎംഎ ‘കുക്ക്’ ചെയ്യാൻ സഹായിക്കുന്ന ആളെക്കുറിച്ചും ഇയാളിൽനിന്നു ലഹരിമരുന്ന് വാങ്ങുന്നവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
രാസലഹരിക്ക് അടിമകളായ നിരവധി മലയാളി യുവതികൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നു.അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു ബൈക്ക് കൂടാതെ മറ്റൊരു വിലകൂടിയ ബൈക്കും ഇയാൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. അവ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചതായി ഫറോക്ക് എസിപി സിദ്ധിഖ് പറഞ്ഞു.