ജെറി എം. തോമസ്
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ലഹരി കേസുകളിലെ പ്രതിപട്ടികയില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും. വിവിധയിടങ്ങളിലായി റിപ്പോര്‍ട്ടു ചെയ്ത 214 കേസുകളിലാണ് വിദ്യാര്‍ഥികള്‍ പ്രതികളായിട്ടുള്ളത്.
103 വിദ്യാര്‍ഥികള്‍ പ്രതികളായ കോട്ടയമാണ് കുട്ടി പ്രതികളുടെ കാര്യത്തില്‍ മുന്നില്‍. എറണാകുളം-85, ഇടുക്കി, കോഴിക്കോട് – ആറു വീതം, തിരുവനന്തപുരം- അഞ്ച്, തൃശൂര്‍- ഒൻപത് എന്നിങ്ങനെയാണ് ഇതര ജില്ലകളിലെ കണക്കുകള്‍.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പെടെ നടത്തുമ്പോഴും വിദ്യാര്‍ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിന് കുറവില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഓണ്‍ലൈന്‍ മുഖേനയും, കൊറിയര്‍ സര്‍വീസ് വഴിയുമൊക്കെയാണ് വിദ്യാര്‍ഥികള്‍ക്കിടയിലെ കച്ചവടങ്ങള്‍.
സംസ്ഥാനത്തിനു പുറത്തുപോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍, ജോലിക്കായി പോകുന്നവര്‍ തുടങ്ങിയവര്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കളെത്തുന്നത്.
ഇതിനു പുറമേ ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ലഹരി ലഭിക്കുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്നു കേസുകളില്‍ പിടികൂടുന്നവര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള സര്‍ക്കാരിന്റെ നീക്കം ലഹരി ഉപയോഗം കുറയുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ലഹരി കേസില്‍ ഇടുക്കിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രതിയായിട്ടുണ്ട്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇതുവരെ 4,619 കേസുകളാണ് വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2005 മുതല്‍ ഇതുവരെ 45,380 പേര് വിവിധ ലഹരി കേസുകളിലയി പ്രതികളായപ്പോള്‍ ഇതില്‍ 2,199 പേരും ഒന്നിലധികം കേസുകളിലെ പ്രതികളാണ്.