കൊച്ചി: കളമശേരിയിലെ സ്കൂളില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ബംഗാള്‍ സ്വദേശിയെ മയക്കുമരുന്നുമായി പിടികൂടിയ സംഭവത്തില്‍ പ്രതി മൂന്നു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കൈമാറിയതായി സംശയമെന്നു പോലീസ്.
ഈ വിദ്യാര്‍ഥികള്‍ക്ക് കളമശേരി പോലീസ് കൗണ്‍സലിംഗ് ഏര്‍പ്പെടുത്തി. സ്കൂളിലെ മുതിര്‍ന്ന ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും വരും ദിവസങ്ങളില്‍ കൗണ്‍സലിംഗ് നല്‍കും.
സെക്യൂരിറ്റി ജീവനക്കാരാനായ പശ്ചിമബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയെ (24) ആണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍നിന്നും ഒരു കിലോയിലധികം കഞ്ചാവും നാല് ഗ്രാം ഹെറോയിനും കണ്ടെടുത്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോലീസ് സംഘം നടത്തിയ രഹസ്യ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് പ്രതി മയക്കുമരുന്ന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരന് പിടിയിലായ സംഭവത്തെത്തുടര്‍ന്ന് ഇന്ന് കളമശേരി പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്കൂളുകളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കിടയില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്.