സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കടത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് വില നിശ്ചയിക്കാനായി എക്സൈസ് വകുപ്പില്‍ മെക്കാനിക്കല്‍ എന്‍ജിനീയറില്ല. ഇതുമൂലം കെട്ടിക്കിടക്കുന്നത് 7,635 വാഹനങ്ങളാണ്.
ഇക്കഴിഞ്ഞ ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത 4268 വാഹനങ്ങളും എന്‍ഡിപിഎസ് കേസുകളില്‍ പിടിച്ചെടുത്ത 3367 വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഇതില്‍ ആഡംബര കാറുകളും ബൈക്കുകളും ഉണ്ട്. ഇവയെല്ലാം റോഡരികില്‍ കിടന്ന് നശിക്കുന്ന അവസ്ഥയാണുള്ളത്. ലേല ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട കോടികളുടെ നഷ്ടവും ഇതുമൂലം ഉണ്ടാകുന്നു.
ലഹരിക്കടത്തിന് പിടിച്ചെടുത്ത വാഹനങ്ങളില്‍ ലഹരിവസ്തുവിന്റെയും വാഹനത്തിന്റെയും പ്രത്യേക ലിസ്റ്റ് തയാറാക്കിയാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. തൊണ്ടി മുതലിന്റെ സാമ്പിള്‍ എടുക്കണം.
വാഹനം പരിശോധിച്ച് തയാറാക്കിയ ലിസ്റ്റില്‍ എന്ജിന് നമ്പര്‍, വെഹിക്കിള്‍ നമ്പര്‍, രജിസ്ട്രേഷന് നമ്പര്‍ എന്നിവ യഥാര്‍ഥം ആണെങ്കില്‍ മാത്രമമേ മജിസ്ട്രേറ്റ് സര്‍ട്ടിഫൈ ചെയ്യുകയുള്ളൂ. തുടര്‍ന്ന് വാഹനം ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറും.
തൊണ്ടിമുതല്‍ സാമ്പിളെടുത്ത് ഗോഡൗണില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കും. ലാബില്‍നിന്ന് കെമിക്കല്‍ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ വാഹനവും തൊണ്ടിമുതലും ലേലത്തിന് വയ്ക്കാന്‍ കഴിയൂവെന്നാണ് നിയമം.
മുമ്പ് വാഹനങ്ങളുടെ വില നിശ്ചയിക്കുന്നതിനായി എക്സൈസ് വിഭാഗത്തിന് കെഎസ്ആര്‍ടിസിയില്‍നിന്ന് ഡെപ്യുട്ടേഷനില്‍ ഒരു മെക്കാനിക്കല്‍ എന്‍ജിനീയറെ നിയമിച്ചിരുന്നുവെങ്കിലും അദ്ദേഹം വാഹനത്തിന്റെ സിസ്റ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് യോഗ്യനല്ലായിരുന്നു.
തുടര്‍ന്ന് പിഡബ്ല്യുഡിയില്‍ നിന്നുള്ള മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു വാഹനങ്ങളുടെ വില നിശ്ചയിച്ചിരുന്നത്. എക്സൈസ് അഡീഷണൽ കമ്മീഷണര്‍ എന്‍ഫോഴ്സ്മെന്റിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ മേയില്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.
തുടര്‍ന്ന് പകരം ആളെത്താത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.പിടിച്ചെടുത്ത വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലമാണ് നിലവില്‍ നടക്കുന്നത്. മത്സര സ്വഭാവമില്ലാത്ത ഈ ലേലത്തില്‍ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കാനായി വാങ്ങുന്നവര്‍ മാത്രമാണ് പങ്കെടുക്കുന്നത്.
അവരാകട്ടെ തീരെ കുറഞ്ഞ വിലയ്ക്കാണ് ലേലം കൊള്ളുന്നത്. പിഡബ്ല്യുഡി എന്‍ജിനീയര്‍ വണ്ടിക്ക് എത്ര വര്‍ഷത്തെ രജിസ്ട്രേഷനുണ്ടെന്നു നോക്കി മാത്രമാണ് വില നിശ്ചയിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ആക്രി വിലയ്ക്കാണ് വാഹനം ലേലത്തില്‍ പോയിരുന്നത്.
നിശ്ചയിച്ച വിലയ്ക്ക് വണ്ടി വിൽപ്പന നടക്കാതെ വരുമ്പോള്‍ വീണ്ടും ലേലം ചെയ്യും. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.
സമയബന്ധിതമായി വാഹനങ്ങള്‍ ലേലം ചെയ്യാത്തതിനാല്‍ പ്രതികള്‍ തന്നെ വാഹനം ഇറക്കിക്കൊണ്ടുപോകേണ്ട അവസ്ഥയുമുണ്ട്.
നിലവിലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ലേലം നടക്കുന്നില്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി ബുക്ക് ഉടമ വാഹനം എടുക്കാന്‍ വന്നാല്‍ അയാള്‍ക്ക് വാഹനവില സെക്യൂരിറ്റിയായി കെട്ടിവച്ച് വണ്ടി കൊണ്ടുപോകാം.
പലപ്പോഴും ഉടമകള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വില കുറയ്ക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന് വന്‍ തോതില്‍ നഷ്ടവും ഉണ്ടാകുന്നുണ്ട്.
വിട്ടുകൊടുക്കുന്ന വാഹനം ഉപയോഗിച്ച് വീണ്ടും കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രയലിനും തെളിവെടുപ്പിനുമായി ഈ വാഹനം കിട്ടാതെ വരുന്ന അവസ്ഥയും നിലവിലുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
വാഹനലേലം 10 വര്‍ഷത്തോളം നീണ്ടുപോകുന്ന കേസുകളുമുണ്ട്. അബ്കാരി കേസുകളില്‍ പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വില നിശ്ചിയിച്ച് കണ്ടുകെട്ടേണ്ടത് എക്സൈസ് വിഭാഗമാണ്.
പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മുമ്പാകെ ഹാജരാക്കിയാണ് ലേലത്തിനു വിടുന്നത്.
ജൂലൈ വരെ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്ക്
ജില്ല- അബ്കാരി കേസുകള്‍- എന്‍ഡിപിഎസ് കേസുകള്‍
തിരുവനന്തപുരം: 618 467
കൊല്ലം: 258 254
പത്തനംതിട്ട: 80 39
ആലപ്പുഴ: 249 459
കോട്ടയം: 152 143
ഇടുക്കി: 237 226
എറണാകുളം: 287 509
തൃശൂര്‍: 150 182
പാലക്കാട്: 578 353
മലപ്പുറം: 403 267
കോഴിക്കോട്: 333 162
വയനാട്: 112 133
കണ്ണൂര്‍: 324 116
കാസര്‍ഗോഡ്: 487 57