പാലാ: എംഡിഎംഎയും കഞ്ചാവും ബ്രൗണ്‍ ഷുഗറും മാത്രമല്ല അലോപ്പതി മരുന്നുകളും ലഹരിക്ക് ഉപയോഗിക്കുന്നവരും ഏറിവരുന്നു. ഇന്നലെ പാലായില്‍ പിടികൂടിയ മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് പാലായിലും പരിസരങ്ങളിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളും പതിവായി വാങ്ങിയിരുന്നു.
ഹൃദയ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ബ്ലഡ് പ്രഷര്‍ താഴ്ന്നു പോകാതിരിക്കാന്‍ നല്കുന്ന മരുന്നാണ് ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നത്.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അറസ്റ്റിലായ ജിതിനില്‍നിന്ന് ഈ മരുന്ന് വാങ്ങിയിരുന്നു. ജിതിനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതിനാല്‍ എക്സൈസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.
മരുന്ന് വിതരണത്തിന് ഇയാള്‍ക്ക് സഹായികളും ഉണ്ടായിരുന്നതായാണ് സൂചന. മരുന്ന് എത്തിച്ച കൊറിയര്‍ കമ്പനിയിലെ രേഖകളനുസരിച്ച പതിവായി ഇയാള്‍ക്ക് മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പഠന, പരീക്ഷാ പിരിമുറുക്കം കുറയ്ക്കാന്‍ ഈ മരുന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ വാങ്ങിയതായി സൂചനയുണ്ട്. മരുന്നിന്റെ മാരകാവസ്ഥയെക്കാള് ആശങ്കപ്പെടുത്തുന്നതാണ് ഒരേ സിറിഞ്ച് കൂട്ടമായി ഉപയോഗിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ എച്ച്ഐവി വ്യാപന സാധ്യത എക്സൈസ് തള്ളിക്കളയുന്നില്ല.
കഞ്ചാവ്, എംഡിഎംഎ തുടങ്ങിയവയെക്കാള്‍ വില്ക്കുറവുണ്ടെന്നതിനാല് മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് സ്കൂള്‍ വിദ്യാര്‍ഥികളും വാങ്ങിയിരുന്നു. 600 രൂപയ്ക്ക് ഒരു ബോട്ടില്‍ വാങ്ങിയാല്‍ ആഴ്ചകളോളം ഉപയോഗിക്കാമെന്നതും ഇയാളുടെ മരുന്നു വില്പനയ്ക്ക് സഹായകരമായി.