കൊച്ചി: ലഹരിമാഫിയയുടെ ഹബായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ലഹരിമരുന്ന് എത്തുന്നത് ഫ്ലാസ്ക്കുകള്‍ വഴിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പലപ്പോഴും വിദേശരാജ്യങ്ങളില്‍നിന്ന് എയര്‍പോര്‍ട്ട് വഴി ലഹരി കടത്താനായി സ്ത്രീകളെയാണ് നിയോഗിക്കുന്നത്.
പാക്കിസ്ഥാനില്‍നിന്നാണ് എംഡിഎംഎ പോലെയുള്ള ലഹരിവസ്തുക്കള്‍ കൂടുതലായി എത്തുന്നതെന്നാണ് പുതിയ വിവരം. ഇത് ഒമാനില്‍ എത്തിക്കും. അവിടെ നിന്നാണ് വിമാന മാര്‍ഗം പല രാജ്യങ്ങളിലേക്കും ലഹരി മാഫിയ സംഘങ്ങള്‍ മരുന്ന് എത്തിക്കുന്നത്.
എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഫ്ലാസ്ക്കുകളില്‍ നിറച്ച് കടത്തുന്നതാണ് മാഫിയ സംഘങ്ങളുടെ പുതിയ രീതി. വിമാനത്താവളത്തിലെ സ്കാനിംഗ് ഉള്‍പ്പെടെയുളള പരിശോധനയില്‍ ഫ്ലാസ്കിനുള്ളിലെ ചില്ല് തെളിയില്ലെന്നതാണ് ലഹരിമാഫിയ സംഘങ്ങള്‍ ഈ പുതിയ രീതി തെരഞ്ഞെടുക്കാന്‍ കാരണം.
വലിയ ബാഗുകളിലായി നാലോ അഞ്ചോ ഫ്ലാസ്ക്കുകള്‍ നിറച്ചിട്ടുണ്ടാകും. ലഹരിക്കടത്തുകാര്‍ പലപ്പോഴും കൂട്ടമായിട്ടാണ് വിമാന മാര്‍ഗം യാത്ര ചെയ്യുന്നത്. ബാഗ് സുരക്ഷിതമായി എയര്‍പോര്‍ട്ടിന് പുറത്ത് എത്തിക്കാനുള്ള ചുമതല നിര്‍വഹിക്കുന്നത് സ്ത്രീകളായിരിക്കും.
വിമാനത്തില്‍ നിന്നിറങ്ങി എയര്‍പോര്‍ട്ടിന് പുറത്ത് ഗാര്‍ബേജ് ഏരിയയില്‍ കറുത്ത പോളിത്തിന്‍ ബാഗിലാക്കിയായിരിക്കും പിന്നീട് ഇവ ഇടുക. അതിനുശേഷം ലൊക്കേഷനും ഫോട്ടോയും ലഹരിമാഫിയയ്ക്ക് അയച്ചു കൊടുത്തശേഷം സ്ഥലത്തുനിന്ന് മാറി നില്ക്കും.
അവിടെ നിന്ന് അത് എടുക്കാനെത്തുന്നത് യഥാര്‍ഥ ആള് തന്നെയാണോയെന്ന് ഉറപ്പുവരുത്തിയായിരിക്കും ഇവര്‍ മടങ്ങുക. ലഹരിമരുന്നുകള്‍ വില്പന നടത്തിയ ശേഷം മാത്രമായിരിക്കും കാരിയര്‍മാര്‍ക്ക് പണം നല്‍കുന്നത്.
ഈ മാഫിയുടെ വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിലെ ആരെങ്കിലും പിടിയിലായാലും ലഹരി ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് കൃത്യമായി എത്തിച്ചുകൊടുക്കാന്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നതും ഇവരുടെ പ്രത്യേകതയാണ്.
- സീമ മോഹന്‍ലാല്‍