കൊച്ചി: ലഹരി ഗുളികകളുമായി എക്സൈസ് സംഘം പിടികൂടിയ യുവാവ് മയക്കുമരുന്ന് വിപണന മാഫിയയിലെ പ്രധാന കണ്ണിയെന്ന് അധികൃതർ. നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഇയാൾ നാളുകളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എടത്തല കുഴിവേലിപ്പടി കുർലാട് വീട്ടിൽ ചൂണ്ട സുനി എന്നറിയപ്പെടുന്ന അനീഷ് തങ്കപ്പൻ (30) നെയാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ലഹരി ഗുളികകളുമായി അറസ്റ്റ് ചെയ്തത്.
മാനസികവിഭ്രാന്തി നേരിടുന്നവർക്കു നൽകുന്ന 60 നൈട്രോസെപാം മയക്കുമരുന്ന് ഗുളികളാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഒട്ടേറെ അടിപിടിക്കേസുകളിൽ പ്രതിയായ ഇയാൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഏറെ നാളുകളുകളായി മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്നുവെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്.
പ്രതിയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. അധ്യയനവർഷം ആരംഭിച്ചതോടെ ആലുവയിലെ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലന്റെ മേൽനോട്ടത്തിൽ ’ഓപ്പറേഷൻ മണ്‍സൂണ്‍’ എന്ന് പേരിൽ ഷാഡോ സംഘം രൂപീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വിദ്യാലയ പരിസരങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കി വരവേയാണ് പ്രതിയെ സംബന്ധിച്ച വിവരം ലഭിക്കുന്നത്.