ഒറ്റപ്പാലം: അതിർത്തികടന്ന് ജില്ലയിലേക്ക് വൻതോതിൽ ഹാഷിഷ് ഓയിലും എംഡിഎംഎ ഗുളികകളും എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതോടുകൂടി പോലീസും എക്സൈസും കർശന പരിശോധന തുടങ്ങി.ജില്ലയെ ലഹരിയുടെ പിടിയിൽ അമർത്താൻ കഞ്ചാവിനും മദ്യത്തിനും പുറമേയാണ് മാരകമായ ലഹരി സ്റ്റാന്പുകൾ അടക്കമുള്ള മയക്കുമരുന്നുകൾ ജില്ലയിലേക്ക് എത്തുന്നത്.
പോലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്നാണ് ഇത്തരം മയക്കുമരുന്നുകൾ എത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.പാലക്കാട് വഴി മലപ്പുറം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലേക്കും ഇവ കടത്തിക്കൊണ്ട് പോകുന്നുണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം. സന്പന്നർക്കിടയിൽ പ്രചാരത്തിലുള്ള എംഡിഎംഎ പാർട്ടി ഡ്രഗ് എന്ന നിലയിലും കുപ്രസിദ്ധമാണ്.
സാധാരണയായി പലനിറങ്ങളിലുമുള്ള ഗുളിക രൂപത്തിലാണ് ഇവ തമിഴ്നാട്ടിൽനിന്നും അതിർത്തി കടന്നെത്തുന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ ദിവസങ്ങൾക്കുമുന്പ് പാലക്കാട് എക്സൈസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ ഈ മാരകമായ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നു സ്ഥിരീകരിച്ചത്.
ലഹരി സ്റ്റാന്പും എംഡിഎംഎയും ചെറിയ അളവിൽ കഴിച്ചാൽ പോലും മൂന്നുദിവസംവരെ ലഹരി നിലനില്ക്കും. ആദ്യഘട്ടങ്ങളിൽ ലഹരി ഉപയോഗിക്കുന്നയാൾ ഉേ·ഷവാ·ാരായി കാണപ്പെടുമെങ്കിലും തുടർച്ചയായുള്ള ഇതിന്റെ ഉപയോഗംമൂലം വിഷാദരോഗം, ഓർമക്കുറവ്, ഉറക്കമില്ലായ്മ, കാഴ്ചശക്തി നഷ്ടമാകൽ, തളർച്ച, ഹൃദ്രോഗം എന്നിവയ്ക്ക് അടിമപ്പെടും.
പിടിക്കപ്പെടുന്ന വസ്തുക്കളുടെ അളവനുസരിച്ചാണ് ഇതിന്റെ ശിക്ഷാവിധി നടപ്പാക്കപ്പെടുന്നത്. എന്നാൽ വളരെ അപൂർവമായി മാത്രമേ മയക്കുമരുന്ന് കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നുള്ളു. അതിർത്തികടന്ന് മുൻകാലങ്ങളിൽ വൻതോതിൽ കഞ്ചാവ് പാലക്കാടുവഴി കടത്തികൊണ്ടു വന്നിരുന്നു.
പോലീസിനെയും എക്സൈസിനെയും വിദഗ്ധമായി കബളിപ്പിച്ചാണ് കഞ്ചാവ് മാഫിയ ഇവ കടത്തിയിരുന്നത്. എന്നാൽ എക്സൈസും പോലീസും കർശന പരിശോധന ആരംഭിച്ചതോടെ വ്യാപകമായി കഞ്ചാവുവേട്ട നടത്തി കിലോ കണക്കിന് കഞ്ചാവ് പിടികൂടുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സുരക്ഷിതമായ രീതിയിൽ ലഹരിക്കടത്തിന് ലഹരി സ്റ്റാന്പുകൾ അടക്കമുള്ള മയക്കുമരുന്നുകൾ കടത്താൻ മാഫിയകൾ മുന്നോട്ടിറങ്ങിയത്.
മൂന്നുദിവസംവരെ ലഹരി നിലനില്ക്കുമെന്നതിനാൽ വിപണിയിൽ മേൽപറഞ്ഞ തരത്തിലുള്ള ലഹരിവസ്തുക്കൾക്ക് പ്രിയം കൂടുമെന്ന തിരിച്ചറിവും സുരക്ഷിതമായി ഇവ കണ്ടെത്താനാകുമെന്ന് മനസിലാക്കിയതുമാണ് മേൽപറഞ്ഞ ലഹരിവസ്തുക്കളുടെ ഇറക്കുമതിക്കും വിപണനത്തിനും മാഫിയകൾ മുന്നോട്ടിറങ്ങിയത്. അതേസമയം മേല്പറഞ്ഞ ലഹരിയുടെ അടിമകളായി ഇതിനകം തന്നെ അനേകംപേർ ഇരകളായിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.