മലപ്പുറം: ലഹരി ഉപയോഗത്തിലൂടെ വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന സംഭവത്തില്‍ പരക്കെ ആശങ്ക. ഒരേ സിറിഞ്ച് ഉപയോഗത്തിലൂടെ കൂടുതല്‍ മയക്കുമരുന്ന് ഉപഭോക്താക്കള്‍ക്ക് എച്ച്ഐവി പടരാനുള്ള പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്. അടുത്ത ദിവസം തന്നെ ക്യാമ്പ് നടത്തും.
എന്നാല്‍ പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാന്‍ തയാറാകാത്തതു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പരിശോധനാ ക്യാമ്പില്‍ പങ്കെടുത്താല്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നു വ്യക്തമാകും.
ഇതാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആളുകള്‍ മടിക്കുന്നത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്.
സ്ക്രീനിംഗിന്റെ ഭാഗമായ ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു.
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എച്ച്ഐവി രോഗബാധിതര്‍ പ്രത്യേക നിരീക്ഷണത്തിലാണ്.