കൊച്ചി: കഞ്ചാവിനെക്കാൾ യുവാക്കൾക്ക് പ്രിയം സിന്തറ്റിക്ക് മയക്കുമരുന്നുകളാണെന്ന് ഉറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന കണക്കുകൾ. ഈ വർഷം ഇതുവരെ ജില്ലയിൽ മാത്രം എക്സൈസിന്റെ വിവിധ പരിശോധനകളിൽ പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്. വിപണിയിൽ ലക്ഷങ്ങളാണ് ഇതിന്റെ വില.
എൻഡിപിഎസ് കേസുകളിൽ ഈ വർഷം മാത്രം 1797 കേസുകളുടെ വർധനവ് ഉണ്ടായതായും എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ വർഷം 910 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കുറി അത് 2707 കേസുകളായി ഉയർന്നു. ഇതിൽ 3214 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയുട്ടുണ്ട്.
ഹാഷിഷ് ഓയിലിന്റെ അളവ് 158 ഗ്രാമിൽനിന്ന് മൂന്നേകാൽ കിലോയിലേക്കെത്തി. എന്നാൽ കഞ്ചാവിന്റെ അളവ് 135 കിലോയിൽ നിന്ന് 75 ആയി കുറഞ്ഞിട്ടുണ്ട്.
അതേസമയം മുൻ വർഷങ്ങളിൽ പിടികൂടിയിരുന്ന കഞ്ചാവിന്റെ അളവ് കുറഞ്ഞിട്ടുള്ളതായാണ് കണക്ക്. സംസ്ഥാന വ്യാപകമായി 2021ൽ പിടിച്ചത് 5,632 കിലോ കഞ്ചാവാണെങ്കിൽ ഈ വർഷം ഡിസംബർ 26 വരെ 3,597 കിലോ ആയി കുറഞ്ഞു.
ജില്ലയിലും ഇതിനാനുപാതികമായ കുറവ് ഉണ്ടായിട്ടുണ്ട്. ആളുകൾ സിന്തറ്റിക്ക് മയക്കുമരുന്നുകളിലേക്ക് മാറുന്നതിന്റെ സൂചനയായാണ് ഇതിനെ എക്സൈസ് വിലയിരുത്തുന്നത്.
ഈ വർഷം പിടിച്ചെടുത്ത ബ്രൗണ്‍ ഷുഗർ, എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപുകൾ എന്നിവയിൽ വലിയൊരളവും കണ്ടെടുത്തത് ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്.
പിടിച്ചെടുത്ത ഹഷീഷ് ഓയിലിന്റെ അളവ് കുത്തനെ കൂടിയിട്ടുണ്ട്. സംസ്ഥാന വ്യാപരമായി കഴിഞ്ഞ വർഷം പിടികൂടിയത് 16,062 ഗ്രാം ഹഷീഷ് ഓയിൽ. ഈ വർഷം 37,449 ഗ്രാം. കഴിഞ്ഞ വർഷം 18 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തപ്പോൾ ഈ വർഷം 438 ഗ്രാം പിടികൂടി.
കഴിഞ്ഞ വർഷം 103 ഗ്രാം ബ്രൗണ്‍ ഷുഗർ പിടിച്ച സ്ഥാനത്ത് ഈ വർഷം പിടിച്ചത് 127 ഗ്രാമാണ്. കഴിഞ്ഞ വർഷം 6130 ഗ്രാം എംഡിഎംഎ പിടികൂടിയപ്പോൾ, ഈ വർഷം പിടികൂടിയത് 7570 ഗ്രാം.
3.6 ഗ്രാം എൽഎസ്ഡിയുടെ സ്ഥാനത്ത് ഈ വർഷം പിടികൂടിയത് 42 ഗ്രാം. കഴിഞ്ഞ വർഷം പിടികൂടിയത് 172 ഗ്രാം ചരസ്. ഈ വർഷം പിടികൂടിയത് 255 ഗ്രാം.
സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി. 2021ൽ 3,922 കേസുകളാണു റജിസ്റ്റർ ചെയ്തതെങ്കിൽ, ഈ വർഷം ഡിസംബർ 26 വരെ 6,038 കേസ് റജിസ്റ്റർ ചെയ്തു.
എൻഡിപിഎസ് കേസുകളിൽ കഴിഞ്ഞ വർഷം 3,916 പേരെയാണ് അറസ്റ്റു ചെയ്ത്. ഈ വർഷം ഡിസംബർ 26 വരെ അറസ്റ്റിലായത് 5,961 പേർ.
മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരിലേറെയും യുവാക്കളാണ്. യുവതികൾക്കിടയിലും മയക്കുമരുന്ന് ഉപയോഗം കൂടി വരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
ദിവസവും ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതും സംസ്ഥാനത്തെയും പ്രത്യേകിച്ച് കൊച്ചിയുടെയും ഭാവി അപകടത്തിലാക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.