സിംഗപ്പുർ: ലഹരി തലയ്ക്കു പിടിച്ചാൽ ചിലർക്കു പിടിവിട്ടു പോകും. പിന്നെ എന്താണു ചെയ്യുന്നതെന്ന് അവർക്കുപോലും ഒരു നിശ്ചയമുണ്ടാകില്ല.
മദ്യപിച്ചു ലക്കുകെട്ട ചിന്നരസ (37) എന്ന ഇന്ത്യൻ നിർമാണ തൊഴിലാളി സിംഗപ്പുരിൽ ചെയ്തതെന്തെന്ന് അറിയണ്ടേ? അവിടത്തെ പ്രശസ്തമായ മറീന ബേ സാൻഡ്സിനു മുന്നിൽ പബ്ലിക്കായി മലമൂത്രവിസർജനം നടത്തി.
തുടർന്ന് അവിടത്തെ ഇരിപ്പിടങ്ങളിൽ ഒന്നിൽ കിടന്നു വിശാലമായി ഉറങ്ങി. ഇവിടത്തെ ഒരു കാസിനോയിൽ ചൂതാട്ടത്തിനെത്തിയ ചിന്നരസ പുലർച്ചെ പുറത്തിറങ്ങിയശേഷമാണ് ഈ വൃത്തികേട് കാട്ടിയത്
കഴിഞ്ഞ വർഷം ഒക്ടോബർ 30ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നു ചിന്നരസയ്ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എന്നാൽ, ഈവർഷം ജൂൺ നാലിന് അതേ കാസിനോയിൽ എത്തിയ ചിന്നരസയെ പോലീസ് പിടികൂടി.വിചാരണ നടത്തി കോടതി ഇയാൾക്ക് 25,000 രൂപ പിഴയും ചുമത്തി.
പൊതുജനാരോഗ്യ (പൊതുശുദ്ധീകരണം) ചട്ടങ്ങൾ പ്രകാരമായിരുന്നു ശിക്ഷ. ഏറ്റവും കുറഞ്ഞ പിഴ നൽകണമെന്ന് അഭ്യർഥിച്ച പ്രതിയോട്, നിങ്ങളുടെ പ്രവർത്തിക്ക് എങ്ങനെ കുറഞ്ഞ പിഴ നൽകും എന്നു ജഡ്ജി തിരിച്ചു ചോദിച്ചു.