കൊല്ലം: ലഹരിമുക്ത കേരളമെന്ന ലക്ഷ്യത്തിനായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം വിഷയത്തില്‍ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഗ്രന്ഥശാലകളില്‍ വിമുക്തി ക്ലബുകള്‍ രൂപികരിച്ചു ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ചടങ്ങ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 573 ഓളം വരുന്ന ഗ്രന്ഥശാലകളില്‍ 382 ലും വിമുക്തി ക്ലബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് ഗ്രന്ഥശാലകളില്‍ കൂടി ക്ലബ്ബുകള്‍ ആരംഭിച്ച് കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവരില്‍ ലഹരിയുടെ ദോഷവശങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കും.
ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഗ്രന്ഥശാലകളുടെയും പ്രതിമാസ പരിപാടിയിലൊന്ന് ലഹരിവിരുദ്ധ പ്രചരണമായിരിക്കും. കുട്ടികളുടെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ അധ്യാപകര്‍ക്ക് വെള്ളിയാഴ്ചകളില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന് അധ്യക്ഷനായി. പ്രസിഡന്റ് പി. കെ. ഗോപന്, താലൂക്ക് സെക്രട്ടറി എന്‍ ഷണ്മുഖദാസ് എന്നിവര്‍ പ്രസംഗിച്ചു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ താജുദ്ദീന് കുട്ടി, നെടുങ്ങോലം വിമുക്തി ഡി അഡിക്ഷന് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ അനന്തു ജി കൃഷ്ണന്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിലാല്‍ എന്നിവര്‍ ക്ലാസുകളെടുത്തു.