കോട്ടയം: ബംഗളൂരുവിൽ ലഹരി മരുന്നു കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന് കോട്ടയത്തും വേരുകൾ ഉള്ളതായി ഇന്റലിജൻസ് ബ്യൂറോ. ബംഗളൂരുവിൽനിന്ന് കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നുകളും ജില്ലയിലേക്കും എത്തിച്ചിരുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
നിലവിൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവനും, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടകളുമാണ് ബംഗളൂരുവിൽനിന്നും വീര്യം കൂടിയ ലഹരിമരുന്നുകൾ ജില്ലയിലേക്ക് എത്തിച്ചിരുന്നതെന്നാണു വിവരം.
ജില്ലയിലേക്കു കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആർപ്പൂക്കര സ്വദേശിയായ ഗുണ്ടാ സംഘത്തലവനു ബംഗളൂരുവിലെ മാഫിയ സംഘങ്ങളുമായി അടുത്തബന്ധമുണ്ട്. ഇയാൾ വഴിയാണ് ജില്ലയിലേക്കു മയക്കുമരുന്നുകൾ എത്തുന്നത്.
ഇതിനായി വിനോദയാത്രകൾ സൗജന്യമായി സംഘടിപ്പിച്ചു നൽകിയതായും സൂചന ലഭിച്ചു. ബംഗളൂരുവിൽനിന്നും ലഹരി കടത്താൻ ആഡംബരക്കാറുകളാണ് ജില്ലയിലെ ഗുണ്ടാസംഘം ഉപയോഗിക്കുന്നത്.
ബ്ലേഡ് പലിശയ്ക്കു പണം കടം നൽകിയ ശേഷം പണയത്തിൽ പിടിച്ചെടുത്ത വാഹനങ്ങളാണ് ലഹരിക്കടത്തിനുവേണ്ടി മാഫിയ സംഘങ്ങൾ ഉപയോഗിച്ചിരുന്നത്. ആഡംബര കാറുകളിൽ സ്ത്രീകൾ അടക്കമുള്ളവരെ ഇരുത്തിയാണു വീര്യം കൂടിയ ലഹരിമരുന്നുകൾ സംഘം കടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കുമരകത്തിനു പിന്നാലെ ചങ്ങനാശേരിയിലെ വീട് കേന്ദ്രീകരിച്ചും കളത്തിപ്പടിയിലെയും ഏറ്റുമാനൂരിലെയും സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ലഹരിപ്പാർട്ടികൾ നടന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ സമയത്ത് പോലും പച്ചക്കറി പലചരക്ക് വണ്ടികളിൽ വൻതോതിൽ കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നുകളും ജില്ലയിലേക്ക് എത്തിച്ചതായാണ് സൂചന.ആർപ്പൂക്കര സ്വദേശിയായ ഗുണ്ടാ സംഘത്തലവനും ഇയാളുടെ അനുയായികളുമാണ് ബംഗളൂരുവിൽനിന്നും ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്.
ലോക്ക് ഡൗണിനു മുൻപ് ഇയാളുടെ സംഘത്തിലുള്ള യുവാക്കൾ വലിയ വാഹനങ്ങളിൽ വിനോദയാത്രയ്ക്കെന്ന പേരിൽ യാത്ര നടത്തിയിരുന്നു. ഈ സംഘം മടങ്ങിവരുന്പോൾ ബാഗുകളിലും വാഹനങ്ങളുടെ രഹസ്യഅറകളിലും ലഹരിമരുന്നുകൾ സൂക്ഷിക്കുകയാണു പതിവ്.
ലോക്ക് ഡൗണിനു മുൻപ് ഇത്തരത്തിലാണ് ലഹരിമരുന്നുകൾ ജില്ലയിലേക്ക് എത്തിച്ചിരുന്നത്.കോവിഡ് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയതോടെ പഴംപച്ചക്കറി വാഹനങ്ങളിലായാണ് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. പഴങ്ങളുടെ പായ്ക്കറ്റുകൾക്കുള്ളിൽ ലഹരിമരുന്നുകൾ ഒളിപ്പിച്ചു വച്ചാണു വാഹനങ്ങളിൽ കടത്തിയിരുന്നത്.