യാങ്കോൺ: ലഹരിപദാർഥമായ കറുപ്പിന്റെ ഉത്പാദനത്തിൽ അഫ്ഗാനിസ്ഥാനെ മറികടന്ന് മ്യാൻമർ ഒന്നാമതെത്തി. ഈ വർഷം മ്യാൻമറിൽ 1,080 ടൺ കറുപ്പ് ഉത്പാദിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ഓഫീസ് (യുഎൻഒഡിസി) റിപ്പോർട്ടിൽ പറയുന്നു.
താലിബാൻ ഭരണകൂടത്തിന്റെ കർശന നിലപാടുകളാണ് അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യവസായത്തെ തളർത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ വർഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉത്പാദനം 95 ശതമാനം ഇടിഞ്ഞ് 330 ടണ്ണിലെത്തി.
മ്യാൻമറിലെ കറുപ്പ് വ്യവസായത്തിന്റെ മൊത്തം മൂല്യം നൂറു മുതൽ 240 വരെ കോടി ഡോളർ വരും. മ്യാൻമർ, ലാവോസ്, തായ്ലൻഡ് രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ‘സുവർണ ത്രികോണം’ എന്ന മേഖല കറുപ്പ്, മെത്താംഫിറ്റമൈൻ തുടങ്ങിയ മയക്കുമരുന്നുകളുടെ ഉത്പാദന, കച്ചവട കേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടുന്നു.
2021 മുതൽ പട്ടാളം ഭരിക്കുന്ന മ്യാൻമറിൽ കറുപ്പു വ്യവസായം തഴച്ചുവളരുകയാണ്. കറുപ്പ് ശേഖരിക്കുന്ന പോപ്പി ചെടിയുടെ കൃഷിയിൽ വൻതോതിൽ നിക്ഷേപം നടക്കുന്നു. ആധുനിക കൃഷിരീതികൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.