ആലുവ: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎ ലഹരിയുമായി ദമ്പതികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക്.
ദന്പതികളായ പാലക്കാട് കഞ്ചിക്കോട് സ്വദേശനി കസ്തൂരിയും കോട്ടയം മുണ്ടക്കയം സ്വദേശി പ്രണവും ഇവരുടെ സുഹൃത്ത് ഇടുക്കി നെടുങ്കണ്ടം സ്വദേശി മാർവിൻ ജോസഫുമാണ് ആലുവയിൽ എക്സൈസിന്റെ പിടിയിലായത്.
ഗോവയിലെ ആയുർവേദ മസാജ് സെന്ററിൽനിന്നും ദമ്പതികൾ തുടങ്ങിയ ലഹരി മാഫിയയുമായുള്ള ബന്ധം കേരളത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ജൂഡോ ചാമ്പ്യനായ മാർവിൻ മത്സരങ്ങളിൽ പങ്കെടുക്കാൻ ഉത്തേജകമായി ലഹരിമരുന്ന് ഉപയോഗിക്കുകയും പിന്നീട് സംഘത്തിൽ കണ്ണിയാവുകയുമായിരുന്നു.
തൃശൂരിൽ താമസമാരംഭിച്ച സംഘം എറണാകുളം ജില്ല കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപിപ്പിച്ചു. ഇതിനായി ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നും ലഹരിമരുന്ന് എത്തിക്കുന്നതായിരുന്നു പതിവ്.
സംസ്ഥാന സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥൻ കൂടിയായ മാർവിൻ മുൻ പരിചയമുള്ള ദമ്പതികളുടെ ലഹരി വില്പന സംഘത്തിൽ പങ്കാളിയായി മാറി. ഗോവൻ ലഹരി മാഫിയയിലെ കുടിപ്പകയാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.എസ്. ശശികുമാർ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ എന്നിവരുടെ
നേതൃത്വത്തിൽ ആലുവയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരിൽനിന്നും 20ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വിനോദ സഞ്ചാരമേഖലകൾ തുറന്നതോടെ അതീവ രഹസ്യമായി നടത്തുന്ന നിശാപാർട്ടികളിൽ ആണ് ഇത്തരം മാരക മയക്കുമരുന്നുകൾ ഉപയോഗിക്കപ്പെടുന്നത്.
അറസ്റ്റിലായ സംഘത്തിലെ യുവതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും പ്രണവിനെയും മെർവിനെയും കറുകുറ്റി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും റിമാൻഡ് ചെയ്തു.
ലഹരി മാഫിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ഡെപ്യൂട്ടി കമ്മീഷണർ ടി.എ. അശോക് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.