കൊച്ചി: അതിവേഗം വളരുന്ന കൊച്ചി, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും വ്യാപനത്തിലും മറ്റ് നഗരങ്ങളെ പിന്നിലാക്കി മുന്നേറുകയാണ്.ലഹരി ഉപയോഗത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി. കേരളത്തിലാകട്ടെ ഏറ്റവും അധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും കൊച്ചിയിലാണ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഒരു ഡസനോളം ലഹരിവേട്ടയാണ് കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ നടന്നിട്ടുള്ളത്. മിക്കതിലും പിടിച്ചെടുത്തതാകട്ടെ ഹെറോയിൻ പോലുള്ള മാരകമായ ലഹരിവസ്തുക്കളും.
കൊച്ചിയിൽ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിലേക്ക് എത്തിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതിൽ അധികവും. ഇന്നലെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പേരിൽ ഒരാൾ നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളാണ്. തപൻ ബർമൻ എന്ന 24 കാരൻ നോർത്ത് ഇന്ത്യയിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ്.
മറ്റ് രണ്ട് കേസുകളിലായി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവേലിക്കര സ്വദേശി രാഹുൽ(21), ചങ്ങനാശേരി സ്വദേശി നസീം(20) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് ഹാഷിഷ്, ലാസ, കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.ഹെറോയിൻ, മഷ്റൂം, മയക്കുമരുന്ന്, ഗുളികകൾ, ലഹരിയുള്ള കഷായങ്ങൾ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകൾ മുതൽ ഡോസ് കുറഞ്ഞ കഞ്ചാവ് വരെ കൊച്ചി നഗരത്തിൽ സുലഭമായി എത്തുന്നുണ്ടെന്നാണ് സൂചന.
മുൻ വർഷങ്ങളെക്കാൾ കഞ്ചാവിന്റെ വ്യാപനവും നഗരത്തിൽ കൂടിയിട്ടുണ്ട്. സിഗരറ്റ് പോലെ റോളാക്കി വലിക്കുന്നവരാണ് കൂടുതലെങ്കിലും കഞ്ചാവ് വെള്ളത്തിലിട്ട് ബോംഗ് ഉപയോഗിക്കുന്നവരും നിരവധിയുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകൾ, ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവ വഴിയാണ് ലഹരി വസ്തുക്കൾ ഏറ്റവും അധികം കേരളത്തിലേക്ക് എത്തുന്നത്.
ഇതിനു പിന്നിൽ വലിയ സംഘബലമുള്ള ലോബികളുണ്ട്. ഇവരെ പിടികൂടാനാകാത്തതാണ് നിർബാധം കഞ്ചാവ് നഗരത്തിലേക്ക് ഒഴുകാൻ കാരണം. ആഡംബരജീവിതത്തിനും ലഹരി ഉപയോഗത്തിനും വീട്ടുകാർ അറിയാതെ പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്ന നിലയ്ക്ക് യുവാക്കൾ ഇതിനെ കാണുന്നു എന്നതും അപകടകരമായ സ്ഥിതിവിശേഷമായി മാറി. 50 ഗ്രാമുള്ള ഒരു കഞ്ചാവ് പൊതിക്ക് 50 മുതൽ 100 രൂപ വരെ കൊച്ചിയിലെ ഇടനിലക്കാർ ഈടാക്കുന്നു.
മൂന്നു മുതൽ നാല് റോളുകൾ വരെ ഇത് ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന സ്വകാര്യ ബസുകളിലും ചരക്കു വാഹനങ്ങളിലുമാണ് പ്രധാനമായും കഞ്ചാവ് കടത്തുന്നത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം വിൽക്കാൻ നിയമമുള്ള ഗുളികകളും മയക്കുമരുന്നിന് പകരമായി ഉപയോഗിക്കുന്നതും കൂടിയിട്ടുണ്ട്. എംആർപിയുടെ അഞ്ചിരട്ടി വരെ വില നൽകിയാണു ലഹരി ഗുളികകൾ ആവശ്യക്കാർ നേടിയെടുക്കുന്നത്.
ഹെറോയിൻ, മയക്കുമരുന്നു പോലുള്ളവയ്ക്ക് വലിയ വില നൽകേണ്ടതിനാൽ പണക്കാരുടെ വിഹാരകേന്ദ്രങ്ങളിലാണ് ഇവ വ്യാപകമായി കാണുന്നത്. ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ നടത്തപ്പെടുന്ന നിശാപാർട്ടികൾ, ഡിജെ നൈറ്റ്, ഡാൻസ് പാർട്ടികൾ എന്നിവിടങ്ങളിലാണ് ഇവ ലഭിക്കുന്നത്.