ആലുവ: മാരകമായ ലഹരിമരുന്നുകളുടെ കടന്നുവരവോടെ കഞ്ചാവ് ലോബിയും ഇതിന്റെ വിപണനത്തിലേക്ക് തിരിയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന ലഹരിയുടെ ഹബ്ബായി കേരളം മാറുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ്,കസ്റ്റംസ് വിഭാഗങ്ങൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ രണ്ടു യുവതികളടങ്ങുന്ന റാക്കറ്റിൽനിന്നും പതിനൊന്ന് കോടി രൂപയുടെ മാരക ലഹരിയുള്ള എംഡിഎംഎയാണ് കസ്റ്റംസും എക്സൈസും ചേർന്ന് പിടികൂടിയത്.
ഇതിലെ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് സ്പെയിനടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഹരി മരുന്നുകൾ ഇന്ത്യയിലേക്കെത്തുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ കഞ്ചാവ് കഞ്ചവടത്തിൽ ഏർപ്പെട്ടിരുന്നവരിൽ ചിലരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്.
യുവാക്കളെയും നിശാ പാര്‍ട്ടി സംഘാടകരെയും ലക്ഷ്യം വച്ച് ആലുവയില്‍ നിന്നും കൊണ്ടുപോയ എംഡിഎംഎയുമായി നിലമ്പൂർ സ്വദേശി കോഴിക്കോട് ഇന്ന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. അരക്കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.
സ്വർണം തൂക്കിയെടുക്കുന്നതു പോലെ
അന്താരാഷ്ട്ര വിപണിയിൽ ഏറെ ഡിമാന്റുള്ള ലഹരിമരുന്നുകളിൽ ഒന്നാണ് എംഡിഎംഎ. വെള്ളാരംകല്ലിന്റെ രൂപത്തിലുള്ള ഇത് പൊടിച്ചാണ് ഉപയോഗിക്കുന്നത്.
സ്വർണം തൂക്കിയെടുക്കുന്നതു പോലെ ആവശ്യക്കാർക്ക് കൊടുക്കുന്നത് ഒരു മില്ലിഗ്രാമിന് 3000 രൂപയിലധകം വിലയ്ക്കാണ്. കഞ്ചാവിനേക്കാൾ പതിന്മടങ്ങ് ലഹരിയുള്ള എംഡിഎംഎ ഉപയോഗിച്ചാൽ മാരകമായ ഉന്മാദാവസ്ഥയെത്തുമെന്നാണ് പിടിയിലാകുന്നവർ നൽകുന്ന മൊഴി.
എംഡിഎംഎ കുക്കർമാർ
ആവശ്യക്കാർ കൂടിയതോടെ എംഡിഎംഎ ഇപ്പോൾ ഇന്ത്യയിലും ഉണ്ടാക്കിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ പാചകക്കാർ (കുക്കർമാർ) എന്ന ചുരുക്കപ്പേരിലാണ് ഇടപാടുകാർക്കിടയിൽ അറിയപ്പെടുന്നത്.
വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് ലഹരിയെത്തുന്നതിലെ കാലതാമസം മുതലെടുത്ത് ഉണ്ടാക്കുന്ന ഇന്ത്യൻ നിർമിത എംഡിഎംഎയ്ക്ക് ആവശ്യക്കാർ ഏറെയുള്ളതും കേരളത്തിലാണ്.