കോട്ടയം: കോട്ടയം ജില്ലയിലേക്കു ലഹരി മരുന്നുകൾ എത്തിക്കാൻ ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്തു നല്കുന്നതിൽ യുവനേതാക്കൾക്കും പങ്കുള്ളതായി പോലീസിനു സൂചന ലഭിച്ചു.
ആഡംബര കാറുകൾ കഞ്ചാവും മയക്കുമരുന്നുകളും കടത്താൻ ഉപയോഗിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ കാറുകളിൽ ടൂർ പാക്കേജ് സംഘടിപ്പിച്ചാണ് ലഹരി മരുന്നുകൾ സുരക്ഷിതമായി കോട്ടയത്ത് എത്തിക്കുന്നത്.
ആഡംബര കാറിൽ കഞ്ചാവ്
ഇത്തരത്തിൽ ആഡംബര കാറുകൾ വാടകയ്ക്കു എടുത്തു നല്കാൻ മാഫിയ സംഘങ്ങളെ സഹായിക്കുന്നതു ജില്ലയിൽനിന്നുള്ള ഭരണകക്ഷിയിലെ യുവജന സംഘടനയിൽപ്പെട്ട നേതാക്കളാണ്. നാളുകൾക്കു മുന്പ് പാലാ സ്വദേശിയുടെ ആഡംബര കാർ യുവനേതാക്കളുടെ നേതൃത്വത്തിൽ വാടകയ്ക്ക് എടുത്തു നല്കിയിരുന്നു.
സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനത്തുനിന്നു വരുന്ന വഴിക്കു കാർ തടഞ്ഞു നിർത്തി പോലീസ് പരിശോധിച്ചു. ഇതോടെ കാറിൽനിന്നു കഞ്ചാവും അന്താരാഷ്ട്രവിപണിയിൽ വൻ ഡിമാൻഡുള്ള മയക്കുമരുന്നും കണ്ടെടുത്തു.
ഇതോടെ കാറിന്റെ ആർസി ഉടമയെ പോലീസ് ബന്ധപ്പെട്ടു. ഇതോടെ കാർ വാടകയ്ക്കു നല്കിയതിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് യുവ നേതാക്കളുടെ നേതൃത്വത്തിലാണു കാർ നല്കിയിരിക്കുന്നതെന്ന് കണ്ടെത്തിയത്.
പീന്നിട് യുവനേതാക്കളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു സംഭവം ഒതുക്കി തീർക്കുകയായിരുന്നു. വിഷയം കേസാകുകയോ വിവാദമാകുകയോ ചെയ്യാതെ ഒതുക്കി തീർത്തതോടെയാണു വാഹന ഉടമ പോലീസിൽ പരാതി നല്കാതിരുന്നത്.
സംരക്ഷണം രാഷ്ട്രീയക്കാർ
നാളുകൾക്കു മുന്പു വരെ ജില്ലയിലേക്കു എത്തികൊണ്ടിരുന്ന കഞ്ചാവ് മയക്കുമരുന്നുകൾ ഏറ്റുമാനൂർ, ഗാന്ധിനഗർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഗുണ്ടാ സംഘത്തലവനു വേണ്ടിയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇയാൾ വഴിയാണ് ജില്ലയിലേക്കു മയക്കുമരുന്നുകൾ എത്തുന്നത്. ഇയാൾക്കു ആവശ്യമായ രാഷ്ട്രീയ സംരക്ഷണം നല്കുന്നതു യുവ നേതാക്കൻമാരാണെന്നും സൂചനകളുണ്ട്.
നാളുകൾക്കു മുന്പു വരെ ബംഗളൂരുവിൽനിന്നു ലഹരി കടത്താൻ ഉപയോഗിച്ചിരുന്നത് ബ്ലേഡ് പലിശയ്ക്കു പണം കടം നൽകിയശേഷം പണയത്തിൽ പിടിച്ചെടുത്ത ആഡംബര വാഹനങ്ങളായിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചതോടെയാണ് ആഡംബര കാറുകൾ വാടയ്ക്കു എടുക്കുന്ന പതിവ് ആരംഭിച്ചത്.