സ്വന്തം ലേഖകൻ
തലശേരി: “നാല് യുവാക്കൾ ചേർന്ന് മാരകമായ ലഹരി സംഘടിപ്പിച്ചു. മൂന്നുപേർ ചേർന്ന് ലഹരി സിറിഞ്ച് ഉപയോഗിച്ച് ദേഹത്ത് കുത്തി വെച്ചു. രണ്ട് പേരുടെ ബോധം നഷ്ടപ്പെട്ടു. ഒരാൾ മരിച്ചു. ഇതാണ് സത്യം…. ഒപ്പമിരുന്ന് മരുന്ന് കുത്തിയവന്റെ വാക്കുകളാണിത്…
തെളിവ് എന്റെ കൈയിലുണ്ട് ’… തലശേരിയിൽ അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന തെളിവുകൾ അടങ്ങിയ ശബ്ദ സന്ദേശത്തിലെ വാക്കുകളാണിത്. ഈ ശബ്ദ സന്ദേശം അതീവ രഹസ്യമായി രാഷ്ട്ര ദീപികയ്ക്ക് ലഭിച്ചു.
ഗോപാലപേട്ട പാലോളിവളപ്പില് പുതിയപുരയില്‍ ഫര്ബൂലിനെ (22) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നിർണായകമായ തെളിവുകൾ പുറത്ത് വന്നിട്ടുള്ളത്. മാരകമായ ലഹരി വാങ്ങാൻ പോയ നാലുപേരുടേയും ലഹരി വസ്തു നൽകിയ മുഴപ്പിലങ്ങാട് സ്വദേശിയുടേയും പേരുകൾ വ്യക്തമായി പറയുന്ന മൂന്ന് മിനിറ്റ് നാൽപത്തിരണ്ട് സെക്കൻഡ് വരുന്ന ശബ്ദ സന്ദേശമാണ് രാഷ്ട്രദീപികയ്ക്ക് ലഭിച്ചിട്ടുള്ളത്.
രഹസ്യ കേന്ദ്രത്തിൽ വെച്ച് ലഹരി കുത്തിവെച്ച് ബോധം പോയ രണ്ട് പേരിലൊരാൾക്ക് ബോധം തെളിത്തിരുന്നു.അപ്പോൾ അടുത്തയാൾക്ക് ബോധം വന്നിരുന്നില്ല. ബോധം വന്നയാൾ രഹസ്യ കേന്ദ്രത്തിൽ നിന്നും വീട്ടിലേക്ക് പോയി. പിറ്റേ ദിവസമാണ് ഒപ്പം ലഹരി ഉപയോഗിച്ചയാൾ മരിച്ച വിവരം ഇയാൾ അറിയുന്നതെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
മെയിന്‍ റോഡിലെ പഴയ ബോംബെ ഹോട്ടലിനു സമീപത്താണ് ഫർബലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിനു സമീപത്തായി മയക്കു മരുന്നിനായി ഉപയോഗിക്കുന്ന സിറിഞ്ച് കണ്ടെത്തിയിരുന്നു.