കുമരകം: നിരോധിത പുകയില ഉല്പ്പന്നങ്ങളുടെ വില്പ്പന കുമരകത്ത് വ്യാപകമാകുന്നു. ഇവയുടെ ഉപയോഗവും വില്പ്പനയും ദിനംപ്രതി വര്ധിക്കുന്ന സാഹചര്യത്തില് നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്.
പൊതുസ്ഥലങ്ങളിലടക്കം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇത്തരം ഉല്പ്പന്നങ്ങള് പരസ്യമായി കൈമാറ്റം ചെയ്യുകയാണ്. പുകയില ഉത്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്പനയ്ക്ക് പിന്നില് വന് ശ്യംഖലതന്നെ പ്രവര്ത്തിക്കുന്നു.
അന്യസംസ്ഥാനങ്ങളില്നിന്നു വിലകുറഞ്ഞ ഉല്പ്പന്നങ്ങള് നാട്ടിലെത്തിച്ച് ഏജന്റുമാര് മുഖാന്തരം ആവശ്യക്കാര്ക്ക് എത്തിച്ചുനല്കുകയാണ്. വില്പന വഴി വന് തുക ലാഭം ലഭിക്കുന്നതും നിരവധി ആളുകള്, പ്രായഭേദമന്യേ പുകയില ഉല്പ്പന്നങ്ങളുടേയും ആവശ്യക്കാരായി എത്തുന്നതും കച്ചവടക്കാര്ക്കും ചാകരയാവുയാണ്.
ഫോണ് ചെയ്താല് അപ്പോള് തന്നെ ബൈക്കിലെത്തി ഇവ കൈമാറും. പായ്ക്കറ്റില് അഞ്ചു രൂപ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 45 രൂപക്കാണ് വില്പ്പന. സ്ഥിരം കസ്റ്റമറിന് ഡിസ്കൗണ്ടും ലഭിക്കും.
കുമരകം മേലേക്കര ഭാഗമാണ് വില്പനയുടെ കേന്ദ്രം. ഇവിടെ മാത്രം അഞ്ചു വില്പ്പനക്കാര് ഉള്ളതായി പറയപ്പെടുന്നു.
നാലു പങ്ക് ബോട്ട് ടെര്മിനല്, കായല് തീരങ്ങള് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാന വില്പ്പന. വിദ്യാര്ഥികള്, യുവാക്കള്,അന്യസംസ്ഥാന തൊഴിലാളികള് എന്നിവര്ക്കിടയിലാണ് ലഹരി വസ്തുക്കള് ഏറ്റവും കൂടുതല് വിറ്റഴിക്കുന്നത്. പൊതു ഇടങ്ങളിലും പൊതു വാഹനങ്ങളിലും ലഹരി ഉല്പ്പന്നങ്ങള് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും പരാതി വ്യാപകമാണ്.