ആലുവ: എടത്തല തേവക്കൽ വീടിന് മുന്നിൽ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനേയും പ്രദേശവാസിയേയും വീടുകളിൽ കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരേ എടത്തല പോലീസ് കേസെടുത്തു.എടത്തല പഞ്ചായത്തിലെ ചിറമോളത്ത് വീട്ടിൽ ഘോഷ് (50), പറമാട്ട് വീട്ടിൽ രാജേഷ് (50) എന്നിവരാണ് ആക്രമിക്കപ്പെട്ടവർ. വീടുകളിൽ കയറിയാണ് ആറംഗ സംഘം മാരകായുധങ്ങളുമായി ഇരുവരേയും മർദിച്ചത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് അക്രമം നടന്നത്.
വീടിനു സമീപം ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായി ഘോഷിന്റെ വീട്ടിലേക്ക് ഗുണ്ടാ സംഘം എത്തി മർദിക്കുകയായിരുന്നു. ഘോഷിന്റെ കേൾവി ശക്തിയും മർദനത്തിൽ നഷ്ടമായി.ആക്രമിക്കുന്നത് കണ്ട് പ്രതികരിച്ച പറമാട്ട് വീട്ടിൽ രാജേഷിനെയും വീട്ടിൽ കയറി രാത്രിതന്നെ ആക്രമിച്ചിരുന്നു. ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും ചേർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു.
മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചുറ്റും കൂടിയ ജനങ്ങളെ താക്കീതും ചെയ്താണ് മടങ്ങിയത്.തലയ്ക്കും കൈക്കും പരിക്കേറ്റ രാജേഷിനെ കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വിധേയനാക്കി.
അക്രമിസംഘം മെഡിക്കൽ കോളജിലും ചികിത്സയ്ക്കെന്ന വ്യാജേനയെത്തി അവിടെയും ബഹളമുണ്ടാക്കി. തുടർന്ന് ഇന്നലെ പുലർച്ചെ ഇരുവരും ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നു. ഗുണ്ടാസംഘങ്ങളുടെ തുടർച്ചയായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഭീതിയിലാണ്.
ഗുണ്ടകളുടെ അക്രമം കണ്ട് പല ആളുകളും പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു.
ലാൻഡ് ഫോൺ കേടായതിനാൽ ആരെയും ബന്ധപ്പെടാനായില്ല. ഈ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം തേവയ്ക്കൽ പ്രദേശത്ത് വലിയ സാമൂഹ്യ പ്രശ്നമായിരിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ പല തവണ അറിയിച്ചിട്ടും തക്കതായ പരിഹാരം ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. സംഘങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണമുള്ളതായും പരാതിയുണ്ട്.
വിഷ്ണു, സുനീർ, സുജീർ, സുരേഷ്, വിപിൻ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് മർദനം നടത്തിയതെന്നാണ് പരിക്കേറ്റവർ എടത്തല പോലീസിന് മൊഴി നൽകിയിട്ടുള്ളത്. വിശദമായി അന്വേഷിച്ച് വരികയാണെന്ന് എടത്തല എസ്എച്ച് ഒ ഹരികൃഷ്ണൻ പറഞ്ഞു.