ലഹരി ഉപയോഗിക്കുന്നവരാണെങ്കില് വിവാഹം നടക്കാന് കോഴിക്കോട് ജില്ലയിൽ പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ ക്കു കീഴിൽ ഇനി ബുദ്ധിമുട്ടായിരിക്കും. അവരുമായുള്ള ബന്ധങ്ങളെല്ലാം ഒഴിവാക്കി ഒറ്റപ്പെടുത്തും. ലഹരി ഉപയോഗിക്കുന്നവര്ക്ക് വിവാഹം അടക്കമുള്ള ആവശ്യങ്ങള്ക്ക് സ്വഭാവ സര്ട്ടിഫിക്കറ്റും നല്കില്ല.
താമരശേരി മേഖലയില് മയക്കുമരുന്ന് ഇടപാടും ഉപഭോഗവും അതുമൂലമുള്ള ക്രൂരകൃത്യങ്ങളും വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് പുതുപ്പാടിയിലെ വിവിധ മഹല്ല് കമ്മിറ്റികള് നീങ്ങിയിരിക്കുന്നത്. മുസ്ലിം മതത്തിലെ വിവിധ വിഭാഗത്തില്പ്പെട്ട മഹല്ലു കമ്മിറ്റി ഭാരവാഹികള് സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളില് യോഗം ചേര്ന്നാണ് കടുത്ത തീരുമാനങ്ങള് കൈക്കൊണ്ടത്.
ലഹരിവസ്തു ഉപയോഗിക്കുന്നതായി അറിയുന്നവര്ക്ക് മഹല്ലുകളില്നിന്നു വിവാഹ ആവശ്യത്തിനായി മറ്റു മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സര്ട്ടിഫിക്കറ്റുകള് നല്കില്ല. ആൺ-പെണ് സൗഹൃദങ്ങള് അപകടം വിളിച്ചു വരുത്താതിരിക്കാന് ബോധവല്കരണം നടത്തും. രക്ഷിതാക്കള്ക്കും ബോധവല്കരണം നല്കും. ഫലപ്രദമായ പാരന്റിംഗ് എന്ന വിഷയത്തില് മഹല്ല് തലത്തില് രക്ഷിതാക്കള്ക്ക് പരിശീലനം നല്കും.
സമൂഹത്തെ വെല്ലു വിളിച്ച് ലഹരികുറ്റവുമായി നടക്കുന്നവരെ മഹല്ലില് ബഹിഷ്കരിക്കും. മാതൃകാപരമായ തീരുമാനങ്ങളാണ് മഹല്ല് കമ്മിറ്റികള് പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരിക്കടിമയായ രണ്ടു യുവാക്കള് നടത്തിയ അരുംകൊലകള് താമരശേരിയെ ഞെട്ടിച്ച സാഹചര്യത്തിലാണ് മഹല്ലുകളുടെ ഇടപെടല്. താമരശേരി മേഖലയിലെ മയക്കുമരുന്ന് ലോബിയെ അമര്ച്ച ചെയ്യാന് പോലീസ്, എക്സൈസ് സേനകളും തീരുമാനിച്ചിട്ടുണ്ട്.