സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു ലഹരി മാഫിയാ സംഘം സജീവമായുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തല്‍.
ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ഒഴികെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എര്‍ണാകുളം, കണ്ണൂര്‍, കൊല്ലം തുടങ്ങി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെല്ലാം സിന്തറ്റിക് ലഹരിയും കഞ്ചാവും പതിവായി ചില വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതായാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്.
എക്സൈസ് ക്രൈംബ്രാഞ്ചിനും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഇതുസംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറിയാമെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥി നാലു ഗ്രാം ഹാഷിഷുമായി പിടിയിലായിരുന്നു. വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളെ വരെ വലയിലാക്കാന്‍ തക്ക വിധത്തില്‍ മയക്കുമരുന്നു ലോബിയും മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
സീനിയര്‍ വിദ്യാര്‍ഥികളുടെ സഹായം കൂടി ഇത്തരം ലോബികള്‍ക്കു ലഭിക്കുന്നതോടെ ലഹരിപൂക്കുന്ന കാമ്പസുകളായി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ മാറുകയാണ്. പഠനത്തില്‍ ഏകാഗ്രത കിട്ടുന്നതിനും ഉന്മേഷത്തിനുമെന്ന തെറ്റിദ്ധാരണയിലാണ് ലഹരി വ്യാപകമായിരിക്കുന്നത്.
അതുക്കുംമേലെ ഈ “പാഠം’ …
സ്കൂള്‍ പഠനകാലം മുതല്‍ മികച്ച വിജയത്തോടെ വിജയിച്ചുവരുന്ന വിദ്യാര്‍ഥിയായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ എംബിബിഎസ് വിദ്യാര്‍ഥി.
ഓള് ഇന്ത്യാ തലത്തില്‍ 1000ല്‍ താഴെയും സംസ്ഥാനതലത്തില്‍ 200 താഴെയും റാങ്കു നേടിയാണ് എക്സൈസ് ജോയിന്റ് കമ്മീഷണറുടെ മകന് കൂടിയായ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍കോളജില്‍ അഡ്മിഷന് നേടിയത്.
അച്ചടക്കമുള്ള കുടുംബത്തിലെ അംഗമായി വളര്‍ന്നതിനാല്‍ കാമ്പസിലെത്തിയതോടെ ലഭിച്ച സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു.വിദ്യാര്‍ഥി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു.
അതിനിടെ ക്ലാസില്‍ ഹാജരാകാത്തതു തുടര്‍പഠനത്തെ ബാധിച്ചു. പിന്നീട് സഹോദരനൊപ്പം പഠിക്കേണ്ടതായും വന്നു. ഇതോടെ മാനസിക വിഷമത്തിലായി. ഈ സമയത്താണ് ലഹരി സംഘം സമീപിക്കുന്നത്. പിന്നീട് മയക്കുമരുന്നിന് അടിമയായി മാറുകയായിരുന്നു.
പഠനത്തില്‍ ഏകാഗ്രത ലഭിക്കുന്നതിനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും കഞ്ചാവുള്‍പ്പെടെ ഉപയോഗിക്കാമെന്ന വാഗ്ദാനം നല്കി വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നവരും കാമ്പസുകളിലുണ്ട്.
ഇവര്‍ മയക്കുമരുന്ന് മാഫിയയുടെ സഹായികളായാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി എത്തുന്ന വിദ്യാര്‍ഥികളെ ഇത്തരത്തിലുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ വഴിതെറ്റിക്കാറുണ്ടെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
ആദ്യതവണ ഉപയോഗിക്കുന്നവര്‍ മാനസികമായി ലഹരിയുടെ സുഖം അനുഭവിച്ചു തുടങ്ങും. മയക്കുമരുന്ന് മാഫിയയുടെയും സീനിയര്‍ വിദ്യാര്‍ഥികളുടേയും ‘കൗണ്‍സിലിംഗ്’ ഇതിനൊപ്പം ലഭിക്കുന്നതോടെ ഉന്മാദത്തിന്റെ ഉച്ഛസ്ഥായിലാവുകയും മയക്കുമരുന്നിന് അടിമയാവുകയുമാണ് ചെയ്യുന്നത്.
പ്രാക്ടീസ് ചെയ്യുന്പോഴുംഉന്മാദത്തില് !
എംബിബിഎസ് പഠനകാലം മുതല്‍ ലഹരിയില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്ന അവസരത്തിലും ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് എക്സൈസ് വൃത്തങ്ങള്‍ പറയുന്നത്.
അത്യാഹിത വിഭാഗത്തിലുള്‍പ്പെടെ രാത്രിയില്‍ ഉറക്കമില്ലാതെ ജോലി ചെയ്യേണ്ടിവരുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ മാറ്റാനാണ് ചിലര്‍ കഞ്ചാവും സിന്തറ്റിക് മയക്കുമരുന്നുകളായ എല്‍എസ്ഡിയും എംഡിഎംഎയുമെല്ലാം ഉപയോഗിക്കുന്നത്.
സീനിയര്‍ ഡോക്ടര്മാരില്ൃനിന്നുണ്ടാവുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കാനും ചിലര്‍ മയക്കുമരുന്നില്‍ അഭയം തേടാറുണ്ടെന്നാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച വിവരം.
മിതമായ അളവില്‍ ലഹരി ഉപയോഗിക്കുന്നതിനാല്‍ തിരിച്ചറിയാനാവില്ല. രോഗീ പരിചരണത്തില്‍വരെ വീഴ്ചകള്‍ സംഭവിക്കാമെന്നും എക്സൈസ് അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു.
ആന്റി നാർക്കോട്ടിക് ക്ലബ്
എംബിബിഎസ് വിദ്യാര്‍ഥികളിൽ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇവ ഇല്ലാതാക്കുന്നതിന് മെഡിക്കല്‍ കോളജുകളില്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബ് രൂപീകരിച്ചതായി ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന് അറിയിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, വാര്ഡന്മാര്, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ക്ലബ്. ഇതിന് പുറമേ ഹോസ്റ്റലുകളില്‍ ‘ശ്രദ്ധ’ എന്ന പേരില്‍ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. വാര്ഡന്മാരും വിദ്യാര്‍ഥികളും അടങ്ങുന്നതാണ് ഗ്രൂപ്പ്. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം എക്സൈസില്‍ അറിയിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.