കോഴിക്കോട്: കേരളത്തിലെത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ നിരന്തരമായി മയക്കുമരുന്നുപോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ഉമിനീർ പരിശോധനാ റിപ്പോർട്ട്.
ഡ്രൈവർമാരിൽ കഞ്ചാവിന്റെയും മാരകമായ പല രാസലഹരികളുടെയും ഉപയോഗം ഉള്ളതായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് സയൻസ് പഠന വകുപ്പിന്റ (ലൈഫ് സയൻസ്) റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ 21ശതമാനം പേരും വിവിധതരം ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി തെളിഞ്ഞു.
അന്താരാഷ്ട്ര ജേണലായ ’ട്രാഫിക് ഇഞ്ച്വറി ആൻഡ് പ്രിവൻഷനിൽ’ (ടിആന്റ്എഫ് ഗ്രൂപ്പ്) ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഉമിനീർ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ പഠന റിപ്പോർട്ടാണിതെന്ന് അധികൃതർ പറഞ്ഞു.
കാസർഗോഡ്, മുത്തങ്ങ, വാളയാർ ചെക്ക് പോസ്റ്റുകളിൽ നിന്ന് ഡ്രൈവർമാരുടെ ഉമിനീർ പരിശോധിച്ചാണ് ലഹരി വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
20ൽ പരം ലഹരിവസ്തുക്കളുടെ ഉപയോഗം അരമണിക്കൂറിനുള്ളിൽ സ്ഥിരീകരിക്കാൻ സാധിക്കുന്ന എവിഡൻസ് മൽടിസ്റ്റാറ്റ് കിറ്റുകൾ ഉപയോഗപ്പെടുത്തി ഇന്ത്യയിൽ നടന്ന ആദ്യത്തെ പഠനമാണിത്.
പരിശോധനാ സ്ഥലത്തുതന്നെ ഫലം ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ഡ്രൈവർമാർ ഉപയോഗിക്കുന്നതിൽ കൃത്രിമമായി ഉണ്ടാക്കുന്ന കഞ്ചാവിന്റെ ഉപയോഗമാണ് കൂടുതലെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
എൽഎസ്ഡി, എംഡിഎംഎ പോലുള്ള മാരക സിന്തറ്റിക് ലഹരി പദാർഥങ്ങളുടെ ഉപയോഗവും കണ്ടെത്തി. ഒരാളിൽനിന്ന് ഒന്നിൽ കൂടുതൽ ലഹരിവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
26നും 35നും പ്രായമുള്ളവരിൽ 30 ശതമാനം പേരും 36നും 46നും ഇടയിൽ പ്രായമുള്ളവരിൽ 34 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നതായി തെളിഞ്ഞു. കൂടാതെ യാത്രാദൂരം കൂടുന്നതിനനുസരിച്ച് ലഹരി ഉപയോഗം വർധിക്കുന്നതായും കണ്ടെത്തി.
അസി. പ്രഫസർ ഡോ. എം.എസ്. ശിവപ്രസാദ്, സുവോളജിയിലെ ഡോ. സി.വി. പ്രിയത, അസി. പ്രൊഫസർ ഡോ. ഇ.എം. അനീഷ്, കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ.ജോസഫ് എന്നിവർ കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ 2021ലാണ് പഠനം നടത്തിയത്.