കേരളത്തെ ലക്ഷ്യംവച്ച് ആംബുലൻസിലും ആഡംബരക്കാറുകളിലുമടക്കം ലഹരിയുമായി മാഫിയ ചീറി പായുന്നു.
സംസ്ഥാന അതിര്‍ത്തികള്‍ എന്നും ലഹരിക്കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു. നിയന്ത്രണങ്ങളെ പണംകൊണ്ടും തന്ത്രത്താലും തകര്‍ത്തെറിഞ്ഞ് അവര്‍ ലഹരിക്കടത്ത് നിര്‍ബാധം തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇടയ്ക്കു ചിലർ കുടുങ്ങുമെങ്കിലും ലഹരിക്കടത്തിന് ഇന്നും കുറവൊന്നുമില്ല. അതിര്‍ത്തി കടന്നെത്തുന്ന മാരക മയക്കുമരുന്നുകളും സ്പിരിറ്റും കഞ്ചാവും കൂടാതെ നിരോധിത പുകയില ഉത്പന്നങ്ങൾ വരെ ഇളം തലമുറയിലടക്കം ഹരമായി മാറിയിരിക്കുന്നു.
അതിർത്തികൾ ആലസ്യത്തിൽ
ചെക്ക്പോസ്റ്റുകളെ നോക്കുകുത്തികളാക്കിയാണ് ലഹരി സംസ്ഥാനത്തേക്ക് ഒഴുകുന്നത്. മാഫിയകളുടെ വാഹനങ്ങളെ എക്സൈസും പോലീസും മത്സരിച്ചു പിടികൂടിയിരുന്ന കാലമുണ്ടായിരുന്നു.
ഉപയോഗിക്കുന്നവരും വില്പനക്കാരും പെരുകിയതോടെ അധികൃതർ പൊതുവെ ഇപ്പോൾ ആലസ്യത്തിലാണ്.
കൈ കാണിച്ചാൽ നിര്‍ത്താതെ പോകുന്ന കടത്തുവാഹനങ്ങള്‍ പിന്തുടര്ന്ന് പിടികൂടിയാലും പ്രതികളെ പലപ്പോഴും കൈയിൽ കിട്ടാറില്ല.
പിടിയിലകപ്പെട്ടവരാകട്ടെ മറ്റു തന്ത്രങ്ങളിലൂടെ ഓപ്പറേഷൻ തുടർന്നു കൊണ്ടേയിരിക്കുന്നു.
ഉദ്യോഗസ്ഥരും മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ചെക്ക് പോസ്റ്റുകൾ കടത്തുകാർക്കു മുന്നിൽ താനെ തുറക്കപ്പെടുകയാണ്.
ഉണക്കമീനിൽ ഒളിപ്പിച്ച കഞ്ചാവ്
അയൽ സംസ്ഥാനങ്ങളിൽനിന്നു മണലും പാറപ്പൊടിയും കൊണ്ടുവന്നിരുന്ന ലോറികളില്‍ ഒളിപ്പിച്ചായിരുന്നു നാളുകൾക്ക് മുമ്പ് സ്പിരിറ്റടക്കം കടത്തിയിരുന്നത്.
എന്നാല്‍ , അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ അവയ്ക്കു നിരോധനം വന്നതോടെ മാഫിയ പുതിയ മാര്‍ഗങ്ങള്‍ തേടാൻ തുടങ്ങി.
പച്ചക്കറി, മത്സ്യം, പഴവർഗങ്ങൾ, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെയാണ് ലഹരിക്കടത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.
അടുത്തിടെ ഉണക്കമീൻ വണ്ടിയിൽ കടത്തിയ കഞ്ചാവ് എക്സൈസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ സ്ഥിരം കടന്നു പോകുന്ന വണ്ടികളെ പച്ചക്കൊടി വീശി കേരളത്തിലേക്കു കടത്തിവിടാൻ അതിർത്തികളിൽ വൻ ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്.
ലഹരിയിൽ പായുന്ന ആംബുലൻസ്
അത്യാഹിതങ്ങൾക്കിടയിൽ മനുഷ്യ ജീവനുംകൊണ്ടു പായുന്ന ആംബുലൻസുകളോട് എല്ലാവർക്കും ഒരാദരവുണ്ട്. എന്നാൽ ഇതു ചൂഷണം ചെയ്യുകയാണ് മയക്കുമരുന്നു ലോബി.
പൊതുവെ ആംബുലൻസുകൾ പരിശോധിക്കാൻ അധികാരികൾ മുതിരാറില്ല. ലഹരിക്കടത്തിനിടെ കണ്ണ് വെട്ടിച്ചു കടന്നു പോകാൻ ആംബുലൻസ് പലരും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രികളുടെ കൂടാതെ രാഷട്രീയ പാർട്ടികളും മതസംഘടനകളും തങ്ങളുടെ നേതാക്കളുടെ പേരിലും ആംബുലൻസുകൾ നിരത്തിലിറക്കിയിട്ടുണ്ട്. ഈ അവസരം ലഹരി മാഫിയ മുതലെടുക്കുകയാണ്.
ലക്ഷ്വറി ലഹരി യാത്രകൾ
ദീർഘദൂര സർവീസ് നടത്തുന്ന ലക്ഷ്വറി ബസുകൾ ലഹരികടത്തിന്റെ പ്രധാന മാർഗങ്ങളിലൊന്നാക്കി മാഫിയ മാറ്റിയെടുത്തിട്ടുണ്ട്.
യാത്രക്കാരിലൂടെയും പാർസൽ ലഗേജിലൂടെയും ലഹരിയെ വിദഗ്ധമായി നാട്ടിലെത്തിക്കുകയാണ്.
വിനോദയാത്രകളും സ്റ്റഡി ടൂറുകളും ഇതിനു മറയാക്കുന്നു. കൂടാതെ നാഷണൽ പെർമിറ്റ് ലോറികളിലും ഇടപാടുകൾ സുഗമമായി തന്നെയാണ് നടക്കുന്നത്.
ആഡംബര കാറുകണ്ടാൽ
വിലയ്ക്കു വാങ്ങിയതും വാടകയക്കെടുത്തതുമായ വിലയേറിയ ആഡംബര കാറുകളിലാണ് ലഹരിക്കടത്ത് കൂടുതലും നടത്തുന്നത്.
വാഹനത്തിന്റെ പ്രൗഡി കാണുമ്പോൾ അതിൽ സഞ്ചരിക്കുന്നത് വിവിഐപിയാണെന്നു കരുതി ആരും കൈ കാണിക്കാറില്ല.
ഈ അവസരം മാഫിയ അവസരോചിതമായി പ്രയോജനപ്പെടുത്താറാണ് പതിവ്. ഇതു വരെ പിടിക്കപ്പെട്ടിട്ടുള്ള വാഹനങ്ങളിൽ അധികവും റെന്റ് എ കാറുകളാണ്. കേസിൽ ഉൾപ്പെടുമ്പോൾ മാത്രമാണ് ഉടമയറിയുന്നതു തന്നെ.
സഞ്ചരിക്കുന്ന രഹസ്യ അറകൾ
ലഹരി വസ്തുക്കൾ കടത്തികൊണ്ടുവരാൻ പ്രത്യേക രഹസ്യ അറകള്‍ നിര്‍മിച്ച വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്.
ലോറികളിൽ ലിറ്ററുകണക്കിനു സ്പിരിറ്റ് നിറയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും. കാറിൽ കഞ്ചാവും മറ്റു ലഹരി പാക്കറ്റുകളും ഒളിപ്പിക്കാൻ പ്രത്യേക തരത്തിൽ സീറ്റുകൾ തന്നെ സജീകരിക്കാറാണ് പതിവ്.
ഇരുചക്രവാഹനങ്ങൾക്കു വരെ പ്രത്യേക അറകളോടുകൂടിയ സംവിധാനങ്ങളൊരുക്കിയാണ് ലഹരിക്കടത്ത് തുടരുന്നത്.
എസ്കോർട്ടിനും ആളുണ്ട്
ലഹരി കടത്തുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും എസ്കോര്‍ട്ട് പാർട്ടിയുമുണ്ട്.എക്സൈസിന്റെയോ പോലീസിന്റെയോ പരിശോധനയിൽ വാഹനം കുടുങ്ങിയാൽ കടത്തുകാരെ രക്ഷിക്കുകയാണ് ഇവരുടെ ഡ്യൂട്ടി.
അകടമ്പടിവാഹനത്തിനു പിന്നിലായി അമിതവേഗത്തില്‍ ചീറിപ്പായുന്ന കടത്ത് വാഹനങ്ങള്‍ പലപ്പോഴും അപകടത്തിൽ പെടാറുണ്ട്. എന്നാൽ, ജീവൻ പോലും രക്ഷിക്കാൻ നിൽക്കാതെ സംഘം കടന്നു കളയാറാണ് പതിവ്.
പിടികൊടുക്കാനും വണ്ടിയുണ്ട്
മോഷ്ടിച്ച വാഹനങ്ങളിലും കടത്ത് നടക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ പോലീസ് പിടിയിലായാൽ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടാറാണ് പതിവ്.
ഇതോടെ കടത്തുകാരെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കാതെ പോകും. തുടര്‍ന്നുള്ള കേസന്വേഷണവും നിലച്ചസ്ഥിതിയിലാകും.
വ്യാജ നമ്പർ പതിപ്പിച്ച് കുറച്ചുകാലം ഈ വാഹനങ്ങള്‍ കടത്തിന് ഉപയോഗിച്ചശേഷം ഗുണനിലവാരം കുറഞ്ഞ സ്പിരിറ്റ് കന്നാസുകളില്‍ നിറച്ച് വഴിയില്‍ ഉപേക്ഷിച്ച് അധികൃതരെ തൃപ്തിപ്പെടുത്താനും മനസുകാണിക്കുന്നവരാണ് മാഫിയ.
ആഘോഷകാലങ്ങളിൽ എക്സൈസും പോലീസും നടത്തുന്ന സംയുക്ത സ്പെഷൽ “ഡ്രൈവ്’ ഒഴിച്ചാൽ ലഹരി മാഫിയക്ക് കേരളത്തിലെ നിരത്തുകളിൽ സേഫ്റ്റി ഡ്രൈവിംഗാണ്.
തയാറാക്കിയത്: റിയാസ് കുട്ടമശേരി
നാളെ: ലഹരിക്കടത്തും തീവ്രവാദവും